ഇത് എസ്‌ഐപിയുടെ കാലം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26.6 മില്യണ്‍ അക്കൗണ്ടുകള്‍

രാജ്യത്തെ എസ്‌ഐപി (Systematic Investment Plan) അക്കൗണ്ട് രജിസ്‌ട്രേഷനില്‍ വന്‍ വര്‍ധനവ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021-22 കാലയളവില്‍ എസ്‌ഐപി രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ 88 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 26.6 മില്യണിലധികം പുതിയ അക്കൗണ്ടുകളാണ് ഇക്കാലയളില്‍ തുറക്കപ്പെട്ടത്.

ശരാശരി 2 മില്യണ്‍ എസ്‌ഐപി അക്കൗണ്ടുകളാണ് രാജ്യത്ത് പ്രതിമാസം രജിസ്റ്റര്‍ ചെയ്യുന്നത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. എസ്‌ഐപിയിലൂടെ 1.24 ട്രില്യണ്‍ രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിയത്. 2020-21 കാലയളവില്‍ 96,080 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 12,328 കോടിയുടെ റെക്കോര്‍ഡ് എസ്‌ഐപി നിക്ഷേപമാണ് രാജ്യത്തുണ്ടായത്. ഇക്വിറ്റി നിക്ഷേപങ്ങളെക്കുറിച്ച് അവബോധം വര്‍ധിച്ചതും നിക്ഷേപത്തിനുള്ള മികച്ച സൗകര്യങ്ങളും എസ്‌ഐപി രജിസ്‌ട്രേഷന്‍ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍. ഇക്കാലയളവില്‍ 11.11 മില്യണ്‍ അക്കൗണ്ടുകള്‍ മെച്യൂരിറ്റി പിരിയഡ് എത്തുകയോ അവസാനിപ്പിക്കുയോ ചെയ്തിട്ടുണ്ട്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിയിലും മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് കീഴിലുള്ള ആസ്തി ( Asset Under Management) 5.76 ട്രില്യണ്‍ രൂപയാണ്.

ഒരു നിശ്ചിത ഇടവേളയില്‍ ഒരു നിശ്ചിത തുക മ്യൂച്വല്‍ ഫണ് സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. മ്യൂച്വല്‍ ഫണ്ടുകളിലെ പോലെ സ്വര്‍ണം, വെള്ളി തുടങ്ങിയവയിലും എസ്‌ഐപി രീതിയിലുള്ള നിക്ഷേപം സാധ്യമാണ്.

Related Articles
Next Story
Videos
Share it