യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല, വ്യക്തത വരുത്തി കേന്ദ്രം

യുപിഐ (UPI) ഇടപാടുകള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ ഡിസ്‌കഷന്‍ പേപ്പറില്‍ യുപിഐയ്ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായവും തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ, സമ്പദ് വ്യവസ്ഥയുടെ ക്ഷമത വര്‍ധിപ്പിക്കുന്ന Digital Public Good എന്നാണ് മന്ത്രാലയം യുപിഐയെ വിശേഷിപ്പിച്ചത്. യുപിഐ സേവനങ്ങളുടെ ഭാഗമാകുന്നവര്‍ക്ക് ഉണ്ടാകുന്ന ചെലവ് മറ്റ് മാര്‍ഗങ്ങളിലൂടെ നികത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 800 രൂപയുടെ യുപിഐ ഇടപാട് നടക്കുമ്പോള്‍ 2 രൂപ ചെലവ് വരുന്നുണ്ടെന്ന് ഡിസ്‌കഷന്‍ പേപ്പറില്‍ ആര്‍ബിഐ പറഞ്ഞിരുന്നു.


നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ റുപേ ഡെബിറ്റ് കാര്‍ഡ്, യുപിഐ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് റീഇംബേഴ്‌സ്‌മെന്റിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. 2021-22ല്‍ 1500 കോടി രൂപയിയിരുന്നു ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI ) കണക്കുകള്‍ പ്രകാരം ജൂലൈയില്‍ 628.84 കോടി യുപിഐ ഇടപാടുകളില്‍ 10.63 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.് 338 ബാങ്കുകളാണ് യുപിഐ സേവനങ്ങള്‍ നല്‍കുന്നുത്. അടുത്തിടെ, RuPay ക്രെഡിറ്റ് കാര്‍ഡുകളിലും യുപിഐ സേവനം അനുവദിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it