ഐ.എം.പി.എസ് വഴിയുള്ള പണമിടപാട് ഇനി ഏറെ എളുപ്പം; പരിധിയും ഉയര്‍ത്തും

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ഓണ്‍ലൈനായി തത്സമയം പണം അയക്കാവുന്ന ജനപ്രിയ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യമായ ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ്) കൂടുതല്‍ ലളിതമാക്കി നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ഐ.എം.പി.എസ് വഴി പണം കൈമാറുന്നതിന്റെ പരിധി താമസിയാതെ എന്‍.പി.സി.ഐ അഞ്ചു ലക്ഷം രൂപ വരെയാക്കും. നിലവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് ഐ.എം.പി.എസ് വഴി കൈമാറാന്‍ സാധിക്കുന്നത്.

എളുപ്പത്തില്‍ പണം കൈമാറാം

മൊബൈല്‍ നമ്പറും അക്കൗണ്ട് ഉടമയുടെ പേരും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഐ.എം.പി.എസ് വഴി പണം കൈമാറാം. ഐ.എഫ്.എസ്.സി ആവശ്യമില്ല, ഗുണഭോക്താവിന്റെ പേര് മുന്‍കൂട്ടി ചേര്‍ക്കേണ്ട ആവശ്യവുമില്ല. നെറ്റ് ബാങ്കിംഗ് വഴി പണം കൈമാറുന്നതിന് എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടും, ബാങ്കിന്റെ പേര്, ഐ.എഫ്.എസ്.സി നല്‍കണം.

എന്‍.പി.സി.ഐയുടെ പുതിയ സംവിധാനം വഴി ഗുണഭോക്താവിന് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ പണം സ്വീകരിക്കേണ്ട അക്കൗണ്ട് പ്രാഥമിക അക്കൗണ്ടാക്കാന്‍ സാധിക്കും. എന്‍.പി.സി.ഐ ഇടപാട് നടത്തുന്നതിന് മുന്‍പ് ഗുണഭോക്താവിന്റെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കും. 2023 സെപ്റ്റംബറില്‍ 5.07 ലക്ഷം കോടി രൂപയുടെ ഐ.എം.പി.എസ് പണമിടപാടുകളാണ് നടന്നതെന്ന് എന്‍.പി.സി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ പണം കൈമാറ്റം ചെയ്യാനുള്ള എന്‍.പി.സി.ഐ സംവിധാനങ്ങള്‍

പേഴ്സണ്‍ ടു അക്കൗണ്ട് ഇടപാട് - ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് പേര്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി വിവരങ്ങള്‍ നല്‍കണം

പേഴ്സണ്‍ ടു പേഴ്സണ്‍ ഇടപാട് - ഗുണഭോക്താവിന്റെ പേരും മൊബൈല്‍ മണി ഐഡന്റിഫൈയറും (എം.എം.ഐ.ഡി- 7 അക്കമുള്ള മൊബൈല്‍ സേവനങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ സംവിധാനമാണ്) നല്‍കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it