നിങ്ങള്‍ ബാങ്ക് വായ്പയ്ക്കായി ശ്രമിക്കുകയാണോ? ആശങ്ക വേണ്ട, ഇനി 'ഒളിഞ്ഞിരിക്കുന്ന' ഫീസ് ഉണ്ടാവില്ല!

ബാങ്കില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുന്നവരെ പ്രയാസപ്പെടുത്തുന്നകാര്യമാണ് ഒളിഞ്ഞിരിക്കുന്ന പലവിധ ഫീസുകള്‍. പലരും വായ്പ അടച്ചുതീര്‍ക്കാറാകുമ്പോഴേക്കും മറ്റുമാകും കൂടുതല്‍ ഫീസുണ്ടെന്നും ഇനിയും പണമടയ്ക്കാനുണ്ടെന്നും തിരിച്ചറിയുക. ഇത് പലര്‍ക്കും വലിയ പ്രയാസമാകാറുണ്ട്.
വായ്പ അനുവദിക്കുമ്പോള്‍ പ്രോസസിംഗ് ചാര്‍ജ് ബാങ്കുകള്‍ ഈടാക്കാറുണ്ടെങ്കിലും അത് ഒറ്റത്തവണ മാത്രമാണ്. എന്നാല്‍, ചില ബാങ്കുകള്‍ ഇതിന് പുറമേ പലതവണയായി വേറെയും അധിക ഫീസുകളോ/ചാര്‍ജുകളോ ഈടാക്കാറുണ്ട്.
ഇനി ഈ ആശങ്ക വേണ്ട. ഇടപാടുകള്‍ പൂര്‍ണമായും സുതാര്യമാക്കുന്ന കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (KFS) ഒക്ടോബര്‍ മുതല്‍ ഇടപാടുകാരെ ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കൃത്യമായി അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. ഇടപാടുകാര്‍ക്ക് മനസ്സിലാകുംവിധം ലളിതമായ ഭാഷയില്‍ വേണം കെ.എഫ്.എസ് ലഭ്യമാക്കേണ്ടത്.
കെ.എഫ്.എസ് വഴിയുള്ള നേട്ടം
വായ്പയ്ക്ക് ഏതൊക്കെ തരം ഫീസുകളുണ്ടെന്നും പലിശയും ഇന്‍ഷ്വറന്‍സും മറ്റും ഉള്‍പ്പെടെ എത്ര രൂപ തിരിച്ചടവ് വരുമെന്നും കെ.എഫ്.എസ് വഴി ഇടപാടുകാരനെ ബാങ്ക് അറിയിക്കണം.
വായ്പ എടുക്കുന്ന വേളയിലാണ് ഇടപാടുകാരനെ ഇത് അറിയിക്കേണ്ടത്. ഇടപാടുകാരന് ഇത് സ്വീകാര്യമാണെങ്കില്‍ മാത്രം വായ്പ അനുവദിച്ചാല്‍ മതി. വായ്പ അനുവദിച്ചശേഷമാണ് പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതെങ്കില്‍ അതിനും ഇടപാടുകാരന്റെ സമ്മതം തേടണം.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

വായ്പകളില്‍ പ്രതിവര്‍ഷമുള്ള ഫീസുകള്‍ വ്യക്തമാക്കുന്ന അനുവല്‍ പേഴ്‌സന്റേജ് റേറ്റ് (APR) കണക്കാക്കുന്ന പ്രത്യേക രേഖയും കെ.എഫ്.എസില്‍ ഉണ്ടാകണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ചാര്‍ജും കൃത്യമായി മനസ്സിലാക്കാന്‍ ഇടപാടുകാരനെ സഹായിക്കും.
ഏതൊക്കെ വായ്പകള്‍ക്ക് ബാധകം?
നിലവില്‍ തിരഞ്ഞെടുത്ത ചില വായ്പകള്‍ക്ക് മാത്രം ബാധകമായിരുന്ന കെ.എഫ്.എസ് ആണ് ഒക്ടോബര്‍ മുതല്‍ വ്യക്തിഗത വായ്പകള്‍ക്കും എം.എസ്.എം.ഇ വായ്പകള്‍ക്കും ബാധകമാക്കുന്നത്.
കെ.എഫ്.എസ് ലഭ്യമാക്കുമ്പോള്‍ വായ്പാത്തിരിച്ചടവ് സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഇടപാടുകാരന് ലഭ്യമാകും. നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാവുമെന്ന് മാത്രമല്ല, വായ്പ തിരിച്ചടവ് ക്രമീകരിക്കാനും ഇടപാടുകാരനെ ഇത് സഹായിക്കും. ഉപയോക്തൃ അവകാശം സംരക്ഷിക്കുന്ന നടപടികളുടെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ ഈ നീക്കം. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍ എന്നിവയ്ക്ക് കെ.എഫ്.എസ് നിര്‍ദേശം ബാധകമാണ്. പേയ്‌മെന്റ് ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.
നടപടികള്‍ സുതാര്യം
ഒളിഞ്ഞിരിക്കുന്ന ഫീസുകള്‍/ചാര്‍ജുകള്‍ എന്നിവ ഇനിയുണ്ടാവില്ലെന്നത് കെ.എഫ്.എസ് വഴിയുള്ള സുപ്രധാന നേട്ടമാകും. ഒട്ടേറെ ഇടപാടുകാരെ വലയ്ക്കുന്ന ഡിജിറ്റല്‍ വായ്പകള്‍ ഇനി കൂടുതല്‍ സുതാര്യമാകും.
കോ-ലെന്‍ഡിംഗ് ആണെങ്കില്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും മൂന്നാംകക്ഷിക്ക് (Third Party) നല്‍കേണ്ട ഫീസിനെക്കുറിച്ചും വ്യക്തമാക്കണം. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കെ.എഫ്.എസ് ബാധകമല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it