എം.ഡി ശ്യാം ശ്രീനിവാസിന് ഒരു വര്‍ഷം കൂടി നല്‍കണമെന്ന് ഫെഡറല്‍ ബാങ്ക്: അപ്രതീക്ഷിത മറുപടിയുമായി ആര്‍.ബി.ഐ
ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള അപേക്ഷയില്‍ അപ്രതീക്ഷിത മറുപടിയുമായി ആര്‍.ബി.ഐ. കുറഞ്ഞത് മറ്റു രണ്ട് പുതിയ പേരുകള്‍ കൂടിചേര്‍ത്ത് ഒരു പാനല്‍ സമര്‍പ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.
ഈ വര്‍ഷം സെപ്തംബര്‍ 22നാണ് ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കുന്നത്. ഇത് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനായി 2023 ഒക്ടോബറില്‍ ബാങ്കിന്റെ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിരുന്നു.
റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു ബാങ്കിന്റെ മേധാവിയായി പ്രവര്‍ത്തിക്കാനുള്ള പരമാവധി കാലാവധി 15 വര്‍ഷമാണ്. ഫെഡറല്‍ ബാങ്ക് എം.ഡിയായി 2010ല്‍ ചുമതലയേറ്റ ശ്യാം ശ്രീനിവാസന്‍ വരുന്ന സെപ്റ്റംബറില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കും. കാലാവധി നീട്ടി നല്‍കിയാല്‍ ഒരു വര്‍ഷം കൂടി മാത്രമാണ് അദ്ദേഹത്തിന് തുടരാനാകുക. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാല നിയമനം കൂടി പരിഗണിക്കാവുന്ന പേരുകള്‍ ഉള്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതെന്ന് ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വക്താവ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
ശ്യാം ശ്രീനിവാസന്റെ പേരിനൊപ്പം രണ്ട് പേരുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ശുപാര്‍ശ അധികം വൈകാതെ ഫെഡറല്‍ ബാങ്ക് റിസര്‍വ് ബാങ്കിന് നല്‍കും. നിലവില്‍ മറ്റ് പേരുകള്‍ ഇതിനായി കണ്ടെത്തിയിട്ടില്ലെന്നും നടപടികളാരംഭിച്ചിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.