വാരിക്കോരി നല്‍കുന്ന വായ്പയെല്ലാം തിരിച്ചു കിട്ടുന്നുണ്ടോ?

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) പ്രവര്‍ത്തനത്തില്‍ വിവിധ ആശങ്കകളുമായി റിസര്‍വ് ബാങ്ക്. ഇവ നല്‍കുന്ന ഉപഭോക്തൃ, വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ ജാഗ്രത വേണം. 50,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ തിരിച്ചടവ് തോത് കുറയുന്നുണ്ട്. ഇത്തരത്തില്‍ വായ്പ എടുത്തവരെ നിരീക്ഷിച്ചാല്‍ പകുതി പേര്‍ക്കും രണ്ടും മൂന്നും ലോണ്‍ ഉണ്ട്. പേഴ്സണല്‍ ലോണ്‍, ക്രഡിറ്റ് കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ കാണിക്കണമെന്നും റിസര്‍വ് ബാങ്ക് സുസ്ഥിരതയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന വിപുലീകരണത്തിന് എടുക്കുന്ന വായ്പയുടെ കാര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്ക് വായ്പ കൂടി വരുന്നുണ്ട്. 2021ല്‍ ഇതിന്റെ അനുപാതം 19.8 ശതമാനമായിരുന്നത് 2024ല്‍ 22.6 ശതമാനമായി. കോവിഡ് കാലം പിന്നിട്ടതോടെ എന്‍.ബി.എഫ്.സികള്‍ കൂടുതല്‍ ഉഷാറായി വായ്പ നല്‍കുന്നുവെന്നും 2024-25ല്‍ 50 ട്രില്യണ്‍ രൂപ മറികടക്കുമെന്നും ഇതിനിടെ, ഐ.സി.ആര്‍.എ-അസോച്ചം പഠനത്തില്‍ വ്യക്തമാക്കി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ എത്രത്തോളം സുസ്ഥിരമാണെന്ന സന്ദേഹം ഉയര്‍ത്തുന്നതു കൂടിയാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
Next Story
Videos
Share it