ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ പാടില്ലെന്ന് റിസര്‍വ് ബാങ്ക്

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കരുതെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് ഇത് ബാധകമാകും. തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്ക് പകരം 'അച്ചടക്ക നടപടി' എന്ന രീതിയില്‍ പിഴത്തുക മാത്രമേ ഈടാക്കാവൂ എന്നാണ് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവിലുള്ള വായ്പകള്‍ക്കും അടുത്ത ജൂണിനകം പുതിയ നിയമം ബാധകമാകും. അതേസമയം, ക്രെഡിറ്റ് കാര്‍ഡുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വായ്പാ കരാര്‍ പാലിക്കുന്നതിനും തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരുന്നതിനുമാണ് പിഴ ഈടാക്കേണ്ടതെന്നും വരുമാനമായി മാര്‍ഗമായി ഇതിനെ കാണരുതെന്നുമാണ് ആര്‍.ബി.ഐ വ്യക്തമാക്കിയിരിക്കുന്നത്.

പല ബാങ്കുകളും വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതി കഴിഞ്ഞാലുടന്‍ തന്നെ പിഴപ്പലിശ ഈടാക്കാറുണ്ട്. ഇതിനി സാധിക്കില്ല. എന്നാല്‍ പിഴ പലിശയുമായി ബന്ധപ്പെട്ട ആര്‍.ബി.ഐയുടെ നിര്‍ദേശത്തില്‍ വ്യക്തത വരാനുണ്ടെന്നും അടുത്ത വിജ്ഞാപനത്തിനു ശേഷമായിരിക്കും കൂടുതല്‍ വ്യക്തമാകുക എന്നും ബാങ്കിംഗ് വൃത്തങ്ങള്‍ പറയുന്നു.

ഫിക്‌സഡ് നിരക്കിലേക്ക് മാറാം

ഇനി വായ്പകള്‍ എപ്പോള്‍ വേണമെങ്കിലും ഫ്‌ളോട്ടിഗ് നിരക്കിൽ നിന്ന് ഫിക്‌സഡ് നിരക്കിലേക്ക് മാറ്റാനുള്ള അനുമതിയും ആര്‍.ബി.ഐ നല്‍കിയിട്ടുണ്ട്. എത്ര തവണ ഈ അവസരം നല്‍കണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം. നിലവില്‍ ഫിക്‌സഡ് റേറ്റ് പലിശയിലേക്ക് മാറ്റാന്‍ പല ബാങ്കുകളും ഓപ്ഷന്‍ നല്‍കാറില്ല.

കൂടാതെ വായ്പക്കാര്‍ക്ക് ഇനി ഏതു സമയത്തും നിശ്ചിത ചാര്‍ജ് നല്‍കി വായ്പകള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചു തീര്‍ക്കാനുമാകും. വായ്പാ സംവിധാനങ്ങള്‍ കൂടുതല്‍ നീതി യുക്തമാക്കാനാണ് ആര്‍.ബി.ഐ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇ.എം.ഐ കൂട്ടണമെങ്കിലും അനുമതി വേണം

പലിശ കൂടുമ്പോള്‍ മാസഗഡുവോ തിരിച്ചടവ് കാലാവധിയോ കൂട്ടണമെങ്കിലും ഇനി വായ്പക്കാരില്‍ നിന്ന് അനുമതി തേടണം. ഡിസംബര്‍ 31നകം ധനകാര്യ സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശത്തില്‍ പറയുന്നു. കാലാവധിയാണോ ഇ.എം.ഐ ആണോ കൂട്ടേണ്ടതെന്നു വായ്പയെടുക്കുന്നവര്‍ക്കു തീരുമാനിക്കാം. പലപ്പോഴും റിസര്‍വ് ബാങ്ക് പലിശ കൂട്ടുമ്പോള്‍ തിരിച്ചടവിലുണ്ടാകുന്ന മാറ്റം ബാങ്കുകള്‍ വായ്പക്കാരെ അറിയിക്കാറില്ല. ഇ.എം.ഐ കൂട്ടുന്നതിനു പകരം പല ബാങ്കുകളും ഇത്തരം സന്ദര്‍ഭങ്ങളില്‍ കാലാവധി കൂട്ടാറുണ്ട്. ഇത് വായ്പയെടുത്ത വ്യക്തി അറിയാറുമില്ല. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ നിയമങ്ങള്‍ ഇറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാനപങ്ങള്‍ക്കും ആര്‍.ബി.ഐയുടെ പുതിയ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍
* ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ പലിശയില്‍ മറ്റ് ഘടകങ്ങളൊന്നും ചേര്‍ക്കാന്‍ പാടില്ല. ഇതില്‍ ആര്‍.ബി.ഐയുടെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം.
* ഒരേ നിബന്ധനകളുള്ള എല്ലാ തരം വായ്പകളിലും പിഴത്തുക ഒരേപോലെയാകണം. അതായത് ഒരേ തരം വായ്പയെടുത്തിട്ടുള്ള വ്യക്തിഗത വായ്പകള്‍ക്കും ബിസിനസുകള്‍ക്കും വ്യത്യസ്ത പിഴത്തുക ഈടാക്കാന്‍ പാടില്ല.
* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴത്തുക സംബന്ധിച്ച് വായ്പാകരാറില്‍ വ്യക്തമാക്കിയിരിക്കണം. കൂടാതെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം.
* ബാങ്കിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് വായ്പക്കാര്‍ക്ക് നോട്ടീസ് അയക്കുമ്പോള്‍ പിഴത്തുകയെകുറിച്ചും അവരെ അറിയിക്കണം. പിഴത്തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും വായ്പക്കാരുമായി പങ്കുവയ്ക്കണം.
* ആര്‍.ബിഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ പുതുക്കിയ നയങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. പുതിയ വായ്പകള്‍ക്കും പുതുക്കിയ വായ്പകള്‍ക്കും ജനുവരി ഒന്നു മുതല്‍ ഇത് ബാധകമായിരിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it