അഞ്ച് എന്‍ബിഎഫ്‌സികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി ആര്‍ബിഐ, തിരിച്ചടിയായത് ഈ നീക്കം

മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അഞ്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്‌സി) രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി. മൂന്നാം കക്ഷി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍, ഫെയര്‍ പ്രാക്ടീസ് കോഡ് എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘിച്ചതിന്റെയടിസ്ഥാനത്തിലാണ് ആര്‍ബിഐയുടെ ഈ നടപടി. ഫെബ്രുവരിയില്‍ വായ്പാ ആപ്പായ കാഷ്ബീനിന്റെ നടത്തിപ്പുകാരായ പിസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ രജിസ്‌ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കിയിരുന്നു.

യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിന്‍വെസ്റ്റ് ലിമിറ്റഡ്, ചദ്ദ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ ഛദ്ദ ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെടുന്നു), അലക്സി ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ജൂറിയ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ രജിസ്‌ട്രേഷനാണ് ആര്‍ബിഐ ബുധനാഴ്ച റദ്ദാക്കിയത്. ഇവ Fastapp Technologies Private Ltd, Datimes Pvt Ltd, Bullintech Finance Pvt Ltd, TGHY Trustrock Pvt Ltd, Mrupee, Kush Cash, Karna Loan, Mr Cash, FlyCash, വൈഫൈ ക്യാഷ്, ബഡാബ്രോ, എറിടെക് പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍ക്ലബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, മോനീഡ്, മോമോ, ക്യാഷ് ഫിഷ്, ക്രെഡിപെ, റുപീലാന്‍ഡ്, റുപ്പി മാസ്റ്റര്‍ തുടങ്ങിയ വായ്പ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും സേവനങ്ങള്‍ നല്‍കിവരികയുമായിരുന്നു.

പൊതുതാല്‍പ്പര്യത്തിന് ഹാനികരമെന്ന് കരുതുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി നടത്തിയ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങളില്‍ ഔട്ട്സോഴ്സിംഗ്, ഫെയര്‍ പ്രാക്ടീസ് കോഡ് എന്നിവയെക്കുറിച്ചുള്ള ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ വിവിധ എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. ഈ കമ്പനികള്‍ അമിത പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നും ലോണ്‍ റിക്കവറി ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും ആര്‍ബിഐ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it