ആപ്പുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡിലൂടെ വാടകയും ട്യൂഷന്‍ ഫീസും അടയ്ക്കുന്നുണ്ടോ, എങ്കില്‍ സൂക്ഷിച്ചോളൂ

ചില വാണിജ്യ ബിസിനസ്-ടു-ബിസിനസ് (B2B) ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് വീസയെ തടഞ്ഞതിന് പിന്നാലെ മൂന്നാം കക്ഷി സേവന ദാതാക്കള്‍ വഴി നടത്തുന്ന പിയര്‍-ടു-പിയര്‍ (P2P) ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് തടയിടാന്‍ റിസര്‍വ് ബാങ്ക്. മൂന്നാം കക്ഷി ആപ്പുകള്‍ വഴി വാടകയും ട്യൂഷന്‍ ഫീസും അടയ്ക്കുന്നതിന് റീറ്റെയ്ല്‍ ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നടപടിയെന്ന് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

അംഗീകൃത വ്യാപാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ ഫിന്‍ടെക് ആപ്പുകള്‍ ഉപയോക്താക്കളെ അനുവദിക്കാറുണ്ട്. കമ്മീഷനായി അവര്‍ പണം സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തല്‍ക്ഷണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ മാത്രമുള്ളതാണ് (P2M). ഒരു മൂന്നാം കക്ഷി നടത്തുന്ന എസ്‌ക്രോ അക്കൗണ്ടിലൂടെയാണ് ഫണ്ടുകള്‍ വഴിതിരിച്ചുവിടുന്നതെങ്കില്‍, അത് നിയന്ത്രണങ്ങള്‍ മറികടക്കുന്നതാണെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് റിസര്‍വ് ബാങ്കിന്റെ വാദം.

ക്രെഡ്, വണ്‍കാര്‍ഡ്, നോബ്രോക്കര്‍ തുടങ്ങിയ ഫിന്‍ടെക്കുകള്‍ നിലവില്‍ ഈ സേവനം നല്‍കുന്നുണ്ട്. വാടക, ട്യൂഷന്‍ ഫീസ് തുടങ്ങിയ ഇടപാടുകള്‍ക്ക് ജി.എസ്.ടിയ്ക്ക് പുറമെ 1.5 മുതല്‍ 3 ശതമാനം വരെ കമ്മീഷനും ഈ സ്ഥാപനങ്ങള്‍ ഈടാക്കുന്നു. ഇത്തരം ഇടപാടുകള്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടക്കൂടിന്റെ മാത്രമല്ല ഈ സ്ഥാപനങ്ങളുടെ നിലവിലെ ലൈസന്‍സിംഗിന്റെ പരിധിക്കുമപ്പുറമാണ്. മുമ്പ് ആമസോണ്‍ പേയും പേയ്ടിഎമ്മും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാടക അടയ്ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഹൗസിംഗ് സൊസൈറ്റികള്‍ക്കും മര്‍ച്ചന്റ് ബാങ്ക് അക്കൗണ്ടുള്ള വാണിജ്യ കരാറുകള്‍ക്കും മാത്രമായി അവയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്‌.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it