ഹരിത നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ചട്ടങ്ങളായി
ധനകാര്യ കമ്പനികള്‍ക്ക് ഹരിത നിക്ഷേപങ്ങള്‍(Green Deposits) സ്വീകരിക്കുന്നതിനുള്ള ചട്ടക്കൂട് പുറത്തിറക്കി റിസര്‍വ് ബാങ്ക്. ജൂണ്‍ ഒന്നു മുതല്‍ പുതിയ ചട്ടക്കൂട് പ്രാബല്യത്തില്‍ വരും.
ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഹരിത നിക്ഷേപങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ചെറു ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഈ ചട്ടക്കൂട് ബാധകമായിരിക്കും.
എന്താണ് ഹരിത നിക്ഷേപം?
പരിസ്ഥിതി സൗഹൃദ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ധനകാര്യ സ്ഥാപനങ്ങളും മറ്റ് വായ്പാ ദാതാക്കളും വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളാണ് ഹരിത നിക്ഷേപങ്ങള്‍. ഹരിത പദ്ധതികളിലെ നിക്ഷേപങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടാന്‍ നിക്ഷേപകരെ സഹായിക്കും.
കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിസിനസുകളില്‍ നിക്ഷേപിക്കുക എന്നതാണ് ഹരിത നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കുള്ള പദ്ധതികളെ സാമ്പത്തികമായി പിന്തുണയ്ക്കാനും പണം ഉപയോഗിക്കുന്നു.
ഊര്‍ജ്ജത്തിന്റെ കാര്യമായ ഉപയോഗം, പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജം, ഹരിത ഗതാഗതം, സുസ്ഥിര ഭക്ഷണം, കൃഷി, വനം, മാലിന്യ സംസ്‌കരണം, ഹരിതഗൃഹ വാതകം കുറയ്ക്കുന്ന പദ്ധതികള്‍, ഹരിത കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായാണ് ഹരിത നിക്ഷേപങ്ങള്‍ വഴി ലഭിക്കുന്ന പണം ചെലവഴിക്കുക.
ഉയര്‍ന്ന പലിശ
ഹരിത നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. 6.55 ശതമാനമാണ് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം മുതല്‍ 0.5 ശതമാനം വരെ അധിക പലിശ ലഭിക്കും. ബാങ്ക് വെബ്‌സൈറ്റുകള്‍ വഴി 50 ലക്ഷം രൂപയ്ക്ക് മുകൡ നിക്ഷേപിച്ചാല്‍ 0.1 ശതമാനം അധിക പലിശ ലഭിക്കും. ഹരിത നിക്ഷേപങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ആര്‍ക്കൊക്കെ നിക്ഷേപിക്കാം?
എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും എന്‍.ആര്‍.ഐകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ഹരിത സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങാം. സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ക്ലബുകള്‍, അസോസിയേഷനുകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു വേണ്ടി രക്ഷിതക്കള്‍ എന്നിവര്‍ക്കും നിക്ഷേപിക്കാം.
നിലവില്‍ എച്ച്.ഡി.എഫ്.സി, ഫെഡറല്‍ബാങ്ക്, ഡി.ബി.എസ് ബാങ്ക് ഇന്ത്യ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യൂണിയന്‍ ബാങ്ക്, എച്ച്.എസ്.ബി.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഗ്രീന്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ട്.
ആര്‍.ബി.ഐയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ബാങ്കുകള്‍ക്ക് ക്യുമിലേറ്റീവ്, നോണ്‍ക്യുമുലേറ്റീവ് രീതിയില്‍ ഹരിത സ്ഥിര നിക്ഷേപങ്ങള്‍ അവതരിപ്പിക്കാം. നിക്ഷേപകര്‍ക്ക് കാലാവധിയെത്തുമ്പോള്‍ പിന്‍വലിക്കുകയോ പുതുക്കുകയോ ചെയ്യാം. സാധാരണ പൊതു നിക്ഷേപങ്ങളുടെ എല്ലാ നിയമങ്ങളും ഹരിത നിക്ഷേപങ്ങള്‍ക്കും ബാധകമാണ്.