Begin typing your search above and press return to search.
വായ്പക്കാര്‍ക്ക് ആശ്വാസമായി ജനുവരി ഒന്നു മുതല്‍ ഈ മാറ്റങ്ങള്‍
വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന രണ്ട് സുപ്രധാന വ്യവസ്ഥകളാണ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ ഈടാക്കില്ല എന്നതാണ് ആദ്യത്തേത്. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്ക് പകരം പിഴത്തുക മാത്രമാണ് ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാനാകുക. നിലവിലുള്ള വായ്പകള്‍ക്കും ഈ വ്യവസ്ഥ 2024 ജൂണ്‍ മുതല്‍ ബാധകമാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.
തിരിച്ചടവ് മുടങ്ങുമ്പോള്‍ വായ്പയുടെ പലിശ നിരക്കിന് മുകളിലാണ് ഇതുവരെ ബാങ്കുകള്‍ പിഴപ്പലിശ ചുമത്തിയിരുന്നത്. ഇത് ഉപയോക്താക്കളുടെ കടബാധ്യത വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. പല ബാങ്കുകളും ഇതൊരു പ്രധാന വരുമാന മാര്‍ഗമായി ഉപയോഗിക്കുന്നതായി റിസര്‍വ് ബാങ്ക് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഇതില്‍ മാറ്റം വരുത്തിയത്. ജനുവരി ഒന്നു മുതല്‍ പിഴപ്പലിശയ്ക്ക് പകരം ന്യായമായ പിഴത്തുക ബാങ്കുകള്‍ക്ക് ഈടാക്കാം. അത് സ്വന്തം നിലയ്ക്ക് നിശ്ചയിക്കുകയും ചെയ്യാം.
എന്നാല്‍ പിഴപ്പലിശ ഒഴിവാക്കാന്‍ മൂന്നു മാസത്തെ സാവകാശം ചോദിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇ.എം.ഐ കൂട്ടണമെങ്കില്‍ അനുമതി
പലിശ വര്‍ധിക്കുമ്പോള്‍ വായ്പാ കാലാവധിയോ, തിരിച്ചടവ് തുകയോ (ഇ.എം.ഐ) വര്‍ധിപ്പിക്കണമെങ്കില്‍ വായ്പക്കാരന്റെ അനുമതി തേടണമെന്ന വ്യവസ്ഥയും ഡിസംബര്‍ 31നകം നടപ്പാക്കണമെന്ന് ആര്‍.ബി.ഐ നിര്‍ദേശമുണ്ട്.
നിലവില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വരുത്തുന്ന വ്യത്യാസം മൂലം തിരിച്ചടവിലുണ്ടാകുന്ന മാറ്റങ്ങള്‍ പലപ്പോഴും ബാങ്കുകള്‍ വായ്പക്കാരെ അറിയിക്കാറില്ല. പലിശ നിരക്ക് കൂടുന്നതിനുസരിച്ച് പ്രതിമാസ തിരിച്ചടവ് വര്‍ധിപ്പിക്കുന്നതിനു പകരം കാലാവധി കൂട്ടുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ വായ്പ കാലാവധിയാണോ ഇ.എം.ഐ ആണോ വര്‍ധിപ്പിക്കേണ്ടതെന്ന് വായ്പക്കാര്‍ക്ക് തീരുമാനിക്കാം.
ഏത് സമയത്തും നിശ്ചിത ചാര്‍ജ് നല്‍കി ഭാഗികമായോ പൂര്‍ണമായോ വായ്പ അടച്ചു തീര്‍ക്കാം. മാത്രമല്ല പലിശ നിരക്കില്‍ വ്യത്യാസം വരുന്ന വായ്പകളെ (ഫ്‌ളോട്ടിംഗ് റേറ്റ്) സ്ഥിര പലിശയിലേക്ക് (ഫിക്‌സഡ് റേറ്റ്) എപ്പോള്‍ വേണമെങ്കിലും മാറ്റുകയും ചെയ്യാം.
വായ്പയെടുത്തവര്‍ക്ക് ലളിതവും വിശദവുമായ സ്റ്റേറ്റ്‌മെന്റ് മൂന്നു മാസം കൂടുമ്പോള്‍ അയച്ചുകൊടുക്കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Videos