ബജാജ് ഫിനാന്‍സിന്റെ വിലക്ക് നീക്കി റിസര്‍വ് ബാങ്ക്; ഡിജിറ്റല്‍ വായ്പകള്‍ തുടരാം

ഡിജിറ്റല്‍ വായ്പാ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബജാജ് ഫിനാന്‍സിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). 2023 നവംബര്‍ 15നാണ് ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉത്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവ വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും നിറുത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. വിലക്ക് നീങ്ങിയതോടെ ഇ.എം.ഐ കാര്‍ഡുകള്‍ നല്‍കുന്നതുള്‍പ്പെടെ മേല്‍പ്പറഞ്ഞ രണ്ട് ബിസിനസ് വിഭാഗങ്ങളിലെ വായ്പകളുടെ അനുമതിയും വിതരണവും ഉടന്‍ പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ആര്‍.ബി.ഐ നിയമങ്ങള്‍ അനുസരിച്ച് വായ്പാ കരാറുമായി മുന്നോട്ട് പോകുന്നതിനായി ഉപയോക്താവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് (കെ.എഫ്.എസ്) സ്ഥാപനം നല്‍കണം. ഇത് ഉപഭോക്താക്കളുമായി പങ്കിടേണ്ടത് നിര്‍ബന്ധമാണ്. ഇതില്‍ വായ്പയുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക നിരക്ക്, റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, കാലയളവ്, പരാതിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുണ്ടാകും.

ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നീ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങള്‍ക്ക് കീഴിലുള്ള വായ്പക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബജാജ് ഫിനാന്‍സിനെതിരെ റിസര്‍വ് ബാങ്ക് അന്ന് നടപടിയെടുത്തത്. സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്മെന്റില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഏതെങ്കിലും ചാര്‍ജോ ഫീസോ വായ്പ എടുത്തവരില്‍ നിന്ന് ഈടാക്കാന്‍ പാടില്ല. റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് പുതിയ വായ്പകളുടെ അനുമതിയും വിതരണവും കമ്പനി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്‍.എസ്.ഇയില്‍ 1.74 ശതമാനം ഉയര്‍ന്ന് 7,003 രൂപയില്‍ ബജാജ് ഫിനാന്‍സ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.

Related Articles
Next Story
Videos
Share it