ബാങ്ക് ഓഫ് ബറോഡയ്ക്ക് ആശ്വാസം; വിലക്ക് നീക്കി റിസര്‍വ് ബാങ്ക്, ആപ്പില്‍ ഇനി ആളെ ചേര്‍ക്കാം

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പിന് (BOB World app) ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) പിന്‍വലിച്ചു. ഇനി ബാങ്കിന് ബോബ് വേള്‍ഡ് ആപ്പിലേക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാനാകും.

മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2023 ഒക്ടോബര്‍ 10നാണ് മൊബൈല്‍ ആപ്ലിക്കേഷനായ ബോബ് വേള്‍ഡ് ആപ്പില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടത്. ബോബ് വേള്‍ഡ് ആപ്പില്‍ ഇടപാടുകാരുടെ സമ്മതമില്ലാതെ മൊബൈല്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന് ആരോപണമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയും അവരെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നീട് റിസര്‍വ് ബാങ്ക് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തിരുത്തല്‍ നടപടികള്‍ നടപ്പാക്കിയതായി ബാങ്ക് ഓഫ് ബറോഡ അറിയിക്കുകയായിരുന്നു.

ഇതോടെ ബാധകമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ബോബ് വേള്‍ഡ് ആപ്ലിക്കേഷനില്‍ ഇനി ഉപയോക്താക്കളെത്തും. എന്‍.എസ്.ഇയില്‍ 0.53 ശതമാനം ഉയര്‍ന്ന് 263.80 രൂപയില്‍ (12:55pm) ബാങ്ക് ഓഫ് ബറോഡ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.

Related Articles
Next Story
Videos
Share it