ഇനി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകള്‍ നടത്താം, സേവനം ആദ്യം എത്തുക ഈ കാര്‍ഡുകളില്‍
ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ (Credit Card) പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കാന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക് (RBI). നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ (Debit Card) വഴി ഉപഭോക്താക്കളുടെ കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മാത്രമാണ് യുപിഐ സേവനങ്ങള്‍ ലഭ്യമാകുന്നത്. ആര്‍ബിഐയുടെ പുതിയ തീരുമാനം രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കും.
എന്‍പിസിഐ പുറത്തിറക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ യുപിഐയുമായി ബന്ധിപ്പിത്താന്‍ അനുവദിക്കുക. അതിന് ശേഷം മാത്രമായിരിക്കും വിസ, മാസ്റ്റര്‍കാര്‍ഡ് ഉള്‍പ്പടെയുള്ളവയുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഈ സേവനം എത്തുക.
26 കോടിയിലധികം ഇന്ത്യക്കാര്‍ യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മെയ് മാസം മാത്രം 594.63 കോടി യുപിഐ ഇടപാടുകളിലായി ഏകദേശം 10,40,000 കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്.