ഡിജിറ്റല്‍ റുപ്പീ ഇടപാടുകള്‍ ഉയരുന്നു; ലക്ഷ്യം കൈവരിച്ച് റിസര്‍വ് ബാങ്ക്
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ റീറ്റെയ്ല്‍ സെഗ്മെന്റിലെ പ്രതിദിന ഇടപാടുകളുടെ എണ്ണം ലക്ഷ്യം കൈവരിച്ചു. 2023 അവസാനത്തോടെ ദിവസം 10 ലക്ഷം ഇടപാടുകളെത്തിക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ഡിസംബര്‍ 27ന് ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ 10 ലക്ഷം കടന്നു. ജീവനക്കാര്‍ക്കയച്ച വര്‍ഷാന്ത്യ കത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റീറ്റെയ്ല്‍ സി.ബി.ഡി.സി ഇടപാടുകളുടെ വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കിയിട്ടില്ല.
2022 ഡിസംബറിലാണ് ഡിജിറ്റല്‍ കറന്‍സിക്ക് ഊന്നല്‍ നല്‍കാനായി റിസര്‍വ് ബാങ്ക് റീറ്റെയ്ല്‍ ഇ-റുപ്പീ അവതരിപ്പിച്ചത്.
രാജ്യത്ത് അവതരിപ്പിച്ച യു.പി.ഐ സംവിധാനം ഇപ്പോള്‍ വിദേശങ്ങളില്‍ പോലും പിന്തുടരുന്നതായും ശക്തികാന്തദാസ് പറഞ്ഞു. 2023ല്‍ നിരവധി വെല്ലുവിളികളെ ഫലപ്രദമായി മറികടക്കാനായെന്നും അദ്ദേഹം പറഞ്ഞു.