നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; വായ്പാ നയം പ്രഖ്യാപിച്ചു

രാജ്യത്തെ വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാക്കി ആര്‍ബിഐ. പണനയ അവലോകന ദിനത്തിന്റെ അവസാന ദിവസമായ ഇന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. അത് പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുമില്ല. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ നയമാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

മാറ്റം വരുത്താത്തതിനാല്‍ തന്നെ നിലവിലുള്ള റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായാണ് ഇപ്പോള്‍ തുടരുന്നത്.
രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്നും 5.7 ആയി ഉയരുമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.
ആഗോള സാമ്പത്തിക മേഖലയെ അട്ടിമറിക്കുന്നതാണ് റഷ്യ-യുക്രൈന്‍ യുദ്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസമാണ് 7.5 വളര്‍ച്ചാ നിരക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്(എഡിബി) പുറത്തുവിട്ടത്. ഇതുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ വളര്‍ച്ചാനിരക്കും. അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മുമ്പ് പ്രതീക്ഷിച്ചിരുന്നത്.


Related Articles
Next Story
Videos
Share it