പരാതി ഇനി റിസര്‍വ് ബാങ്ക് കേള്‍ക്കും, ഡിജിറ്റല്‍ ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദ്ദേശം

ലോണ്‍ നല്‍കുന്ന ഡിജിറ്റല്‍ ആപ്പുകളെ (Digital Loan Apps) നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആര്‍ബിഐ (RBI). ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി 2021 ജനുവരിയില്‍ ആര്‍ബിഐ ഒരു വര്‍ക്കിംഗ് ഗ്രൂപ്പിനെ രൂപീകരിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍.

ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ക്കായി ഒരു നോഡല്‍ ഏജന്‍സി ഉള്‍പ്പടെയുള്ളവ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിരുന്നു. നിയന്ത്രണങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും ചിലത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ നടപ്പാക്കൂ.

ലോണ്‍ ആപ്പുകള്‍ മൂന്ന് വിഭാഗങ്ങള്‍

ആര്‍ബിഐ നിയന്ത്രിക്കുന്നവ, മറ്റ് റെഗുലേറ്ററി അതോറിറ്റികള്‍ക്ക് കീഴിലുള്ളവ, റെഗുലേറ്ററി സംവിധാനങ്ങള്‍ക്ക് പുറത്തുള്ളവ എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമുള്ളതാണ്.

മറ്റ് റെഗുലേറ്ററി അതോറിറ്റികള്‍ക്ക് കീഴിലുള്ളവയെ നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂട് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പുറത്തിറക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കി. മൂന്നാമത്തെ വിഭാഗത്തിനായി സര്‍ക്കാരുകള്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.

പ്രധാന നിര്‍ദ്ദേശങ്ങള്‍

ആര്‍ബിഐ നിയന്ത്രിത സ്ഥാപനങ്ങളും അവരുടെ ലോണ്‍ ആപ്പുകളും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് മാത്രമേ പണം കൈമാറാവു. വായ്പാ തിരിച്ചടവും ഈ അക്കൗണ്ടുകളിലൂടെ ആയിരിക്കണം. ഇതിനായി ഇടനിലക്കാരെ ഉപയോഗിക്കാന്‍ പാടില്ല.

വായ്പാ (Loans) ഇടനിലക്കാരെന്ന നിലയില്‍ ലോണ്‍ ആപ്പുകള്‍ അടയ്‌ക്കേണ്ട ഫീസുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല.

വായ്പാ നല്‍കുന്നതിന് മുമ്പ് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് (കെഎഫ്എസ്) ഉപഭോക്താവിന് നല്‍കണം. കെഎഫ്എസിന്റെ ഭാഗമായി വാര്‍ഷിക ശതമാന നിരക്കില്‍ (എപിആര്‍) ഡിജിറ്റല്‍ ലോണുകളുടെ ഭാഗമായ എല്ലാ ചെലവും സ്ഥാപനങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്.

ക്രെഡിറ്റ് (Credit Card) പരിധി വര്‍ധിപ്പിക്കും മുമ്പ് ഉപഭോക്താവിന്റെ അനുമതി വാങ്ങണം. ഉപഭോക്താവിന് പിഴ കൂടാതെ തുകയും പലിശയും അടച്ചുകൊണ്ട് വായ്പയില്‍ നിന്ന് പുറത്തുകടക്കാനുള്ള കൂളിംഗ്-ഓഫ് അല്ലെങ്കില്‍ ലുക്ക്-അപ്പ് കാലയളവ് അനുവദിക്കണം.

ഉപഭോക്താവിന്റെ പരാതി സംബന്ധിച്ച് 30 ദിവസത്തിനുള്ളല്‍ പരിഹരിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീമില്‍ പരാതിപ്പെടാം.

ഉപഭോക്താവിന്റെ മുന്‍കൂര്‍ അനുമതിയോടെ അല്ലാതെ ആപ്പുകള്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല. ഡാറ്റ ശേഖരിക്കാന്‍ നല്‍കുന്ന അനുമതിയും ഡാറ്റകളും പിന്‍വലിക്കാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് നല്‍കണം.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളും സേവനങ്ങളും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ അറിയിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it