ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഇരട്ടിയാകാൻ സാധ്യത

2021 സെപ്റ്റംബറോടെ ഇന്ത്യൻ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി (എൻ‌പി‌എ) 2020-നെ അപേക്ഷിച്ച് ഇരട്ടിയായി ഉയരാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) കഴിഞ്ഞ ദിവസം പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് (എഫ്എസ്ആർ) മുന്നറിയിപ്പ് നൽകുന്നു.

മൊത്തം ബാങ്ക് എൻ‌പി‌എകളുടെ (ജി‌എൻ‌പി‌എ) അനുപാതം 2020 സെപ്റ്റംബറിലെ 7.5 ശതമാനത്തിൽ നിന്ന് 2021 സെപ്റ്റംബറോടെ 14.8 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

"മാക്രോ ഇക്കണോമിക് പരിസ്ഥിതി വഷളാകുകയാണെങ്കിൽ, കടുത്ത സമ്മർദ്ദ സാഹചര്യങ്ങളിൽ ഈ അനുപാതം 14.8 ശതമാനമായി ഉയരും," റിപ്പോർട്ട് പറയുന്നു. അടിസ്ഥാനപരമായ സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വന്നാൽ പോലും സെപ്റ്റംബറോടെ ഇത് 13.5 ശതമാനമായി ഉയരും.

എൻ‌പി‌എകളായി മാറിയ വായ്പകൾ, ലാഭക്ഷമത, മറ്റ് പ്രസക്തമായ ഡാറ്റ എന്നിവ ഉൾപ്പെടെയുള്ള ബാങ്കുകളുടെ ബാലൻസ് ഷീറ്റ് അടിസ്ഥാനമാക്കിയാണ് സ്ട്രെസ് ടെസ്റ്റുകൾ നടത്തിയതെന്ന് റിസർവ് ബാങ്കിന്റെ അർധ-വാർഷിക സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പറഞ്ഞു. മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തെ പരിശോധന അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ ജിഎൻ‌പി‌എ അനുപാതം 2020 സെപ്റ്റംബറിൽ 9.7 ശതമാനത്തിൽ നിന്ന് 2021 സെപ്റ്റംബറിൽ 16.2 ശതമാനമായി ഉയരുമെന്നു റിപ്പോർട്ടിൽ എടുത്തുപറയുന്നു. സ്വകാര്യ ബാങ്കുകൾ കുറേക്കൂടി മെച്ചപ്പെട്ട സ്ഥാനത്താണ് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഏറ്റവും പുതിയ സ്ട്രെസ് ടെസ്റ്റുകൾ കാണിക്കുന്നത് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിൽ എല്ലാം ശരിയല്ല എന്നാണ്.

കടുത്ത സമ്മർദ്ദ സാഹചര്യത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ജിഎൻ‌പി‌എ അനുപാതം 17.6 ശതമാനമായി വരെ ഉയരാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യളെമേഖലയിലെ ബാങ്കുകൾക്കിത് 8.8 ശതമാനവും വിദേശ ബാങ്കുകൾക്ക് 6.5 ശതമാനവും ആയിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്.

സ്‌ട്രെസ് ടെസ്റ്റുകളുടെ ഫലങ്ങൾ പ്രവചനങ്ങളായി കണക്കാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് പറയുമ്പോൾ തന്നെ, കോവിഡ് 19-നെ തുടർന്നുള്ള വായ്പാ മൊറട്ടോറിയം, ആസ്തിയിലെ വ്യക്തതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കാരണം എൻ‌പി‌എകളിൽ വർദ്ധനവുണ്ടാകുമെന്ന ആശങ്ക തീർച്ചയായും റിപ്പോർട്ട് പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം (സിഎആർ) 2020 സെപ്റ്റംബറിൽ 15.6 ശതമാനത്തിൽ നിന്ന് ഒരു വർഷ കാലയളവിൽ 14 ശതമാനമായും കടുത്ത സമ്മർദ്ദ സാഹചര്യത്തിൽ 12.5 ശതമാനമായും കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

2021 സെപ്റ്റംബറോടെ നാല് ബാങ്കുകൾ മിനിമം മൂലധന നിബന്ധന നിറവേറ്റുന്നതിൽ പരാജയപ്പെട്ടേക്കുമെന്ന് സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

"എന്നാൽ കടുത്ത സമ്മർദ്ദ സാഹചര്യത്തിൽ, മിനിമം മൂലധന നിബന്ധന പുലർത്തുന്നതിൽ പരാജയപ്പെടുന്ന ബാങ്കുകളുടെ എണ്ണം ഒൻപതായി ഉയർന്നേക്കാം," ബാങ്കുകളുടെ പേര് നൽകാതെ റിസർവ് ബാങ്ക് പറഞ്ഞു.

ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തേണ്ടത് നിർണായകമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് എഫ്‌എസ്‌ആറിന് നൽകിയ മുഖവുരയിൽ പറഞ്ഞു.

"സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുമ്പോൾ തന്നെ ആഘാതങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷി ബാങ്കുകൾ വർധിപ്പിക്കേണ്ടിയിരിക്കുന്നു," ഗവർണർ ദാസ് പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it