എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് 10000 രൂപ പിഴ!

എടിഎമ്മുകളില്‍ പണമില്ലെങ്കില്‍ ഇനിമുതല്‍ ബാങ്കുകള്‍ 10000 രൂപ പിഴയടയ്‌ക്കേണ്ടി വരും. 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഉത്തരവ് ഇന്നലെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ടത്. ഇത് പ്രകാരം ഒരു മാസം 10 മണിക്കൂറോളം എടിഎമ്മില്‍ പണമില്ലാതെയായാല്‍ ബാങ്ക് പിഴനല്‍കേണ്ടി വരും, അതും 10000 രൂപ.

എടിഎമ്മുകളില്‍ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് നിരവധി ഉപഭോക്താക്കളുടെ പരാതി ഉയര്‍ന്നിരുന്നു. റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍, ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്. എടിഎമ്മുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതെ കിടക്കുന്നതിനും നടപടിയുണ്ടാകും.
എടിഎമ്മുകളില്‍ പണം ആവശ്യത്തിന് ഉണ്ടോയെന്ന് ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റേഴ്‌സും നിരന്തരം പരിശോധിക്കണമെന്നും പണലഭ്യത ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നുംറിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഈ ഉത്തരവ് പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള മുടക്കം വന്നാല്‍ നടപടി കൈക്കൊള്ളുമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.
എടിഎമ്മുകളില്‍ പണം ഇല്ലാതായാല്‍ ഉടനെതന്നെ സിസ്റ്റം ജനറേറ്റഡ് മെസ്സേജ് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ നിലവിലെ സംവിധാനങ്ങള്‍ പരിഷ്‌കരിക്കണമെന്നും റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നടപടിയെടുക്കും.
പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ തവണയും എടിഎം ഉപയോഗത്തിന് ഉപഭോക്താക്കള്‍ക്ക് നിശ്ചിത പരിധിയുണ്ട്. ഇത് കഴിഞ്ഞാല്‍ ചാര്‍ജുകളുമുണ്ട്.
നാല് സൗജന്യ എടിഎം ഇടപാടുകളാണ് പല ബാങ്കുകളും അനുവദിക്കുന്നത്. ഇത്തരത്തില്‍ പരിധി കഴിഞ്ഞ് പണമെടുക്കേണ്ട സാഹചര്യത്തില്‍ ഉപഭോക്താവിന് അധിക ചാര്‍ജ് വരാറുണ്ട്.
പണം പിന്‍വലിക്കാന്‍ സാധിക്കാതിരിക്കുന്നത് എടിഎമ്മില്‍ വേണ്ട പണം ഇല്ലാത്തതിനാല്‍ ആയിരിക്കാം. എന്നിരുന്നാലും ചിലപ്പോള്‍ അതൊരു ട്രാന്‍സാക്ഷന്‍ ആയി പരിഗണിക്കപ്പെടാറുണ്ടായിരുന്നു. ഈ പ്രശ്‌നത്തിനും പുതിയ നടപടിയോടെ പരിഹാരമാകും.


Related Articles
Next Story
Videos
Share it