പേയ്മെന്റ് തട്ടിപ്പ് പരാതികള്‍ ഇനി ദക്ഷില്‍; പരിഹാരം വേഗത്തിലാക്കാനെന്ന് ആര്‍ബിഐ
2023 ജനുവരി 1-ന് ആര്‍ബിഐയുടെ അഡ്വാന്‍സ്ഡ് സൂപ്പര്‍വൈസറി മാനേജ്മെന്റ് സിസ്റ്റമായ ദക്ഷിലേക്ക് പേയ്മെന്റ് തട്ടിപ്പ് റിപ്പോര്‍ട്ടിംഗ് മൊഡ്യൂള്‍ മാറ്റുമെന്ന് റിസര്‍വ് ബാങ്ക് (RBI) അറിയിച്ചു. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത് കാര്യക്ഷമമാക്കുന്നതിനും ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഇത് കൈകാര്യം ചെയ്യുന്ന രീതി ഓട്ടോമേറ്റ് ചെയ്യുന്നതിനുമായാണ് ദക്ഷിലേക്ക് മാറ്റുന്നത്.
പണം ഇടപാടുകളിമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് നിലവിലുള്ള ബള്‍ക്ക് അപ്ലോഡ് സൗകര്യത്തിന് പുറമേ ദക്ഷ് അധിക പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു. മേക്കര്‍-ചെക്കര്‍ സൗകര്യം, ഓണ്‍ലൈന്‍ സ്‌ക്രീന്‍ അധിഷ്ഠിത റിപ്പോര്‍ട്ടിംഗ്, കൂടുതല്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കാനുള്ള ഓപ്ഷന്‍, അലേര്‍ട്ടുകള്‍, ഉപദേശങ്ങള്‍ നല്‍കാനുള്ള സൗകര്യം തുടങ്ങി നീളുന്നതാണ് ഈ ലിസ്റ്റ്.
ഇന്ത്യയിലെ എല്ലാ അംഗീകൃത പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരും, പേയ്മെന്റ് സിസ്റ്റം പങ്കാളികളും അവരുടെ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതോ കണ്ടെത്തിയതോ ആയ എല്ലാ പേയ്മെന്റ് തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടെന്ന് ആര്‍ബിഐ സര്‍ക്കുലറില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിംഗ് നേരത്തെ ഇലക്ട്രോണിക് ഡാറ്റാ സബ്മിഷന്‍ പോര്‍ട്ടല്‍ (EDSP) വഴിയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ദക്ഷിലേക്ക് മാറ്റുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേയ്മെന്റ് തട്ടിപ്പുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇഷ്യൂവര്‍ ബാങ്ക്, പിപിഐ ഇഷ്യൂവര്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന എന്‍ബിഎഫ്സികള്‍ എന്നിവയില്‍ നിക്ഷിപ്തമായിരിക്കും. വ്യക്തിഗത ഇടപാട് അടിസ്ഥാനത്തില്‍ ആര്‍ബിഐക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ്, ഉപഭോക്താവ് റിപ്പോര്‍ട്ട് ചെയ്ത പേയ്മെന്റ് തട്ടിപ്പ് വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, ഉപഭോക്താവ് റിപ്പോര്‍ട്ട് ചെയ്ത തീയതി മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പേയ്മെന്റ് തട്ടിപ്പുകള്‍ സെന്‍ട്രല്‍ പേയ്മെന്റ് ഫ്രോഡ് ഇന്‍ഫര്‍മേഷന്‍ രജിസ്ട്രിയില്‍ (CPFIR) റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.