റിസര്‍വ് ബാങ്ക് പിടിമുറുക്കി, നിങ്ങള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടെങ്കില്‍ മറ്റൊരിടത്ത് ഇനി കറന്റ് എക്കൗണ്ട് പറ്റില്ല

റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം കറന്റ് അക്കൗണ്ട് ചട്ടം കര്‍ശനമാക്കി ബാങ്കുകള്‍. ഇതോടെ കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഉള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ കറന്റ് എക്കൗണ്ട് നിലനിര്‍ത്താനാകില്ല. ഓവര്‍ ഡ്രാഫ്‌റ്റോ കാഷ് ക്രെഡിറ്റോ ഉള്ളവരുടെ എല്ലാ ഇടപാടുകളും അതിലൂടെയാകണം. മറ്റൊരു കറന്റ് എക്കൗണ്ട് ഇനി ഓപ്പണ്‍ ചെയ്യാനാകില്ല.

റിസര്‍വ് ബാങ്ക് ചട്ടം 2020 ഡിസംബറില്‍ നടപ്പാക്കപ്പെട്ടതാണെങ്കിലും ഇപ്പോള്‍ ബാങ്കുകള്‍ അത് കര്‍ശനമാക്കിയതോടെ ഇത്തരത്തിലുള്ള എല്ലാ കറന്റ് എക്കൗണ്ടുകളും മരവിപ്പിക്കുന്നതായി കാണിച്ചുകൊണ്ട് നോട്ടീസുകള്‍ എക്കൗണ്ട് ഉടമകള്‍ക്ക് ലഭിച്ചുതുടങ്ങി. എല്ലാ ബാങ്കുകളും കര്‍ശനമായി തന്നെ ചട്ടം നടപ്പാക്കുകയാണ്. ഇത് ബിസിനസ് ആവശ്യത്തിനായി പല ബാങ്കുകളില്‍ കറന്റ് എക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തവരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ക്രെഡിറ്റ് ഡിസിപ്ലിന്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2020 ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുതുക്കിയ കറന്റ് എക്കൗണ്ട് ചട്ടം കൊണ്ടുവന്നത്. റിസര്‍വ് ബാങ്ക് അന്ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍, കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഉള്ളവര്‍ മറ്റൊരു പുതിയ കറന്റ് എക്കൗണ്ട് തുറക്കേണ്ടതില്ലെന്നും എല്ലാ ഇടപാടുകളും സിസി/ഒഡി വഴിയായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

എന്തുകൊണ്ടാണ് കറന്റ് എക്കൗണ്ടിന്റെ കാര്യത്തില്‍ ഇത്തരം കര്‍ശനമായ നിലപാട് കൊണ്ടുവരുന്നതെന്ന് റിസര്‍വ് ബാങ്ക് അന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നിരുന്നാലും മഹാരാഷ്ട്രയിലെ പിഎംസി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിഎംസി കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പില്‍ നിരവധി എക്കൗണ്ടുകള്‍ തുറന്ന് അതിലൂടെ പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു.

ക്രെഡിറ്റ് ഡിസിപ്ലിന്‍ കര്‍ശനമാക്കാന്‍ വേണ്ടിയാണ് പുതിയ ചട്ടമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് 2020 ഓഗസ്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനനുസരിച്ച് കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഉള്ള ഇടപാടുകാര്‍ക്ക് മറ്റൊരു ബാങ്കിലോ അല്ലെങ്കില്‍ അതേ ബാങ്കില്‍ തന്നെ മറ്റൊരു കറന്റ് എക്കൗണ്ടോ ഓപ്പറേറ്റ് ചെയ്യാന്‍ പറ്റില്ല. കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഉള്ളവരുടെ എല്ലാ ഇടപാടുകളും ആ എക്കൗണ്ടുകളിലൂടെ മാത്രമേ ഇനി സാധിക്കൂ. കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഇല്ലാത്തവര്‍ക്കായി ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്ക് കറന്റ് എക്കൗണ്ട് തുറക്കാന്‍ പറ്റും.
സംരംഭകരുടെ കറന്റ് എക്കൗണ്ടുകള്‍ മരവിപ്പിച്ചു തുടങ്ങി
റിസര്‍വ് ബാങ്ക് ചട്ടം കര്‍ശനമായി ബാങ്കുകള്‍ പാലിച്ചു തുടങ്ങിയതോടെ ഓവര്‍ ഡ്രാഫ്‌റ്റോ കാഷ് ക്രെഡിറ്റോ ഉള്ളവരുടെ കറന്റ് എക്കൗണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ച് തുടങ്ങി. ഫണ്ടുകളുടെ വകമാറ്റം തടയുന്നതിനാല്‍ ബാങ്കുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ സംരംഭകര്‍ക്ക് ഇതേറെ ബുദ്ധിമുട്ടാകുന്നുണ്ട്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഈ ചട്ടത്തെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി കേസ് ഫയല്‍ ചെയ്തിരുന്നു. വിദൂര മേഖലയിലുള്ള എന്‍ ബി എഫ് സികളുടെ ശാഖകളിലെ പണം തൊട്ടടുത്ത ബാങ്കിലെ കറന്റ് എക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്. ഇതാണ് എന്‍ബിഎഫ്‌സികളെ ബുദ്ധിമുട്ടിലാക്കിയിരുന്നതും. ഫണ്ട് വകമാറ്റണമെന്ന ഗൂഢഉദ്ദേശ്യമില്ലാതെ ഇത്തരത്തില്‍ യഥാര്‍ത്ഥ ബിസിനസ് കാരണങ്ങളുടെ പേരില്‍ കറന്റ് എക്കൗണ്ട് തുറന്നിരിക്കുന്നവരാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നതും.

എന്നാല്‍ ഇത്തരക്കാര്‍ക്കായി മികച്ച ഉല്‍പ്പന്നങ്ങള്‍ ബാങ്കുകള്‍ കൊണ്ടുവരുമെന്നും ബാങ്കിംഗ് സംവിധാനം ശുദ്ധീകരിക്കാനും കിട്ടാക്കടം കുറയാനും ക്രെഡിറ്റ് ഡിസിപ്ലിന്‍ കൊണ്ടുവരാനും ഈ നീക്കം സഹായകരമാകുമെന്നാണ് ബാങ്കിംഗ് കേന്ദ്രങ്ങള്‍ പറയുന്നത്.

എന്നിരുന്നാലും ഹ്രസ്വകാലത്തേക്ക് ഇടപാടുകാര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുക തന്നെ ചെയ്യും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it