Begin typing your search above and press return to search.
2,000 രൂപാ നോട്ടിന്റെ ലക്ഷ്യം കഴിഞ്ഞു; അതുകൊണ്ട് പിന്‍വലിക്കുന്നു: റിസര്‍വ് ബാങ്ക്
2,000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ 4 മാസത്തെ സമയമുണ്ടെന്നും ആളുകള്‍ തിരക്ക് കൂട്ടി ബാങ്കുകളില്‍ ചെല്ലേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പ്രവാസി ഇന്ത്യക്കാര്‍ക്കും (എന്‍.ആര്‍.ഐ) എച്ച്-1ബി വീസക്കാര്‍ക്കും 2,000 രൂപാ നോട്ട് മാറുന്നതിനെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
2,000 രൂപാ നോട്ടിന്റെ ഉദ്ദേശ്യലക്ഷ്യം കഴിഞ്ഞതുകൊണ്ടാണ് അവ പിന്‍വലിക്കുന്നു. ഓരോ കാലഘട്ടത്തിലും പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കാറുണ്ട്. ഇപ്പോള്‍ 2,000 രൂപാ നോട്ട് പിന്‍വലിച്ചെങ്കിലും അവ നിയമപരമായി തുടര്‍ന്നും വിനിമയം ചെയ്യാം. കടയുടമകളും മറ്റും 2,000 രൂപാ നോട്ട് സ്വീകരിക്കാതിരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വിശ്രമവും വെള്ളവും
നോട്ട് മാറിയെടുക്കാന്‍ ഉള്‍പ്പെടെ ബാങ്കുകളിലെത്തുന്നവര്‍ക്ക് ചൂട് കാലം പരിഗണിച്ച് വിശ്രമസ്ഥലവും കുടിവെള്ളവും ഉറപ്പാക്കണമെന്ന് ബാങ്കുകളോട് ശക്തികാന്ത ദാസ് നിര്‍ദേശിച്ചു.
നോട്ട് നിരോധനവും 2,000വും
നോട്ട് അസാധുവാക്കല്‍ വേളയില്‍ വിപണിയിലെ നോട്ട് ക്ഷാമം അതിവേഗം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് 2,000 രൂപയുടെ നോട്ട് അവതരിപ്പിച്ചത്. നിലവില്‍ മറ്റ് തുകയുടെ നോട്ടുകള്‍ ആവശ്യത്തിന് പ്രചാരത്തിലുണ്ട്.
നേരത്തേ 2000ന്റെ 6.73 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നത് ഇപ്പോള്‍ 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ 30നകം തന്നെ ഭൂരിഭാഗം 2,000 രൂപാ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ വേണ്ടിയാണ് പരമാവധി 20,000 രൂപവരെ മാറാമെന്ന മാനദണ്ഡം വച്ചത്. നോട്ടുകള്‍ കൃത്യമായ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് സെപ്തംബര്‍ 30 എന്ന സമയപരിധി വച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story
Videos