കോവിഡിന് മുന്നില്‍ പകച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല; നല്‍കാന്‍ ബാക്കി 7000 കോടിയോളം

കോവിഡിന്റെ രണ്ടാം വരവ് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. 57 ശതമാനം മാത്രമാണ് ഇതു വരെ ക്ലെയിം അനുവദിച്ചത്. കോവിഡ് 19 മായി ബന്ധപ്പെട്ട് 15700 കോടി രൂപയുടെ ക്ലെയിമാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിച്ചത്. ഇതില്‍ 9000 കോടി രൂപയാണ് ഏപ്രില്‍ വരെ കൊടുത്തു തീര്‍ത്തതെന്നാണ് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 6700 കോടി രൂപയാണ് ഇനിയും നല്‍കാനുള്ളത്. മാര്‍ച്ചില്‍ 6660 കോടി രൂപയായിരുന്നു നല്‍കാന്‍ ബാക്കിയുണ്ടായിരുന്നത്. നല്‍കാനുള്ളവയില്‍ കാഷ്‌ലെസ് പോളിസികളില്‍ ആശുപത്രികള്‍ക്കുള്ളതും വ്യക്തികള്‍ക്കുള്ളതും ഉള്‍പ്പെടുന്നു. ഏപ്രിലില്‍ കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകളില്‍ 22 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 11.18 ലക്ഷം ക്ലെയിമുകളാണ് ഏപ്രില്‍ ഉണ്ടായത്. മാര്‍ച്ചില്‍ 9.17 ലക്ഷമായിരുന്നു ഇത്.

ലഭിക്കാനുള്ള കാലതാമസത്തിന് പുറമേ കാഷ്‌ലെസ് ക്ലെയിമുകള്‍ക്ക് അപ്രൂവല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹോസ്പിറ്റലുകള്‍ കാഷ്‌ലെസ് രീതിയില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ മടിക്കുകയാണ്.
ചികിത്സയ്ക്ക് ചെലവായ പണം മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. പല കേസുകളിലും 50 ശതമാനം വരെയാണ് ലഭ്യമാകുന്നതെന്നാണ് വിവരം.
അതേസമയം പോളിസി കവര്‍ ചെയ്യാത്ത ചെലവുകള്‍ കൂടി വരുന്നതും പോളിസിയുടമകളെ വലയ്ക്കുന്നുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഹോസ്പിറ്റലുകള്‍ കോവിഡ് ചികിത്സയ്ക്ക് പണം ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ആ തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയാറാവുന്നില്ല. നിയമപരമായി അതിനെ ചോദ്യം ചെയ്യാനുമാകില്ല. ഹോസ്പിറ്റലുകളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കുക എന്നതു മാത്രമാണ് അതിന് പോംവഴി. ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമല്ലാത്ത പിപിഇ കിറ്റ് പോലുള്ള കണ്‍സ്യൂമബ്ള്‍ സാധനങ്ങള്‍ക്ക് പോളിസിയുടെ സംരക്ഷണം ലഭ്യമാകില്ല. എന്നാല്‍ രോഗികളില്‍ നിന്ന് ദിവസം മൂന്നും നാലും പിപിഇ കിറ്റുകളുടെ പണം ഹോസ്പിറ്റലുകള്‍ ഈടാക്കുന്നു. അത്രയും ഉപയോഗിക്കുന്നില്ലെങ്കിലും. ദിവസം 1200 രൂപയുടേതില്‍ കൂടുതല്‍ പിപിഇ കിറ്റ് ഉപയോഗിക്കരുതെന്ന ജിഐസിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണിത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it