എസ്ബിഐ ടേം പ്ലാനുകളും വായ്പാ ഇളവുകളും പ്രഖ്യാപിച്ചു; വിശദമായറിയാം

എസ്ബിഐ പുതിയ പ്ലാറ്റിനം ടേം ഡെപ്പോസിറ്റ് പ്ലാനുകളും പലിശ ഇളവുകളും പ്രഖ്യാപിച്ചു. 75-ാം സ്വതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റീറ്റെയില്‍ ഉപയോക്താക്കള്‍ക്കുള്ള പ്ലാറ്റിനം ടേം നിക്ഷേപങ്ങള്‍ പ്ലാറ്റിനം 75 ഡെയ്സ്, പ്ലാറ്റിനം 525 ഡെയ്സ്, പ്ലാറ്റിനം 2250 ഡെയ്സ് എന്നിങ്ങനെ 75 ദിവസങ്ങള്‍, 525 ദിവസങ്ങള്‍, 2250 ദിവസങ്ങള്‍ എന്നിങ്ങനെയാണ് വരുന്നത്.

സെപ്റ്റംബര്‍ 14 വരെ ഉപയോക്താക്കള്‍ക്ക് പദ്ധതിയില്‍ അംഗമാകാം. നിലവിലെ പലിശ കൂടാതെ 15 ബേസിസ് പോയിന്റ് അധിക പലിശയും പദ്ധതിക്കു കീഴില്‍ ലഭിക്കും. എന്‍ആര്‍ഇ വ്യക്തികള്‍ക്കും എന്‍ആര്‍ഒ വ്യക്തികള്‍ക്കും 2 കോടിയില്‍ താഴെയുള്ള തുക ഡൊമസ്റ്റിക് റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് ആയി നിക്ഷേപം നടത്താം. 525 ദിവസങ്ങളോ, 2250 ദിവസങ്ങളോ മാത്രമായിരിക്കും എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ കാലയളവ്.
പുതുതായി ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയ്ക്ക് കീഴില്‍ പുതിയ നിക്ഷേപങ്ങളും നിലവിലെ നിക്ഷേപങ്ങള്‍ പുതുക്കുവാനും അനുവദിക്കും. ടേം ഡെപ്പോസിറ്റുകള്‍ക്കും, സ്പെഷ്യല്‍ ടേം ഡെപ്പോസിറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
റെക്കറിംഗ് നിക്ഷേപങ്ങള്‍, നികുതി ഇളവ് നല്‍കുന്ന നിക്ഷേപങ്ങള്‍, ആന്വുറ്റി നിക്ഷേപങ്ങള്‍, MACAD നിക്ഷേപങ്ങള്‍, മള്‍ട്ടി ഓപ്ഷന്‍ നിക്ഷേപങ്ങള്‍, ക്യാപിറ്റല്‍ ഗെയിന്‍സ് സ്‌കീമുകള്‍ എന്നിവ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയ്ക്ക് കീഴിലുള്‍പ്പെടില്ല.
വായ്പാ ഇളവുകള്‍
കോവിഡ് മുന്നണി പോരാളികള്‍ക്ക് വ്യക്തിഗത വായ്പയ്ക്ക് 50 ബേസിസ് പോയിന്റിന്റെ ഇളവും ബാങ്ക് പ്രഖ്യാപിച്ചു. ഈ ഇളവ് ഉടന്‍ കാര്‍, സ്വര്‍ണ വായ്പയ്ക്കും ലഭ്യമാക്കുമെന്നു ബാങ്ക് വ്യക്തമാക്കി. കാര്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്ക് പ്രൊസസിംഗ് നിരക്കില്‍ 100 ശതമാനം ഇളവും വാഹനത്തിന്റെ 90 ശതമാനം വരെ വായ്പയുമാണ് ബാങ്കിന്റെ പ്രധാന പ്രഖ്യാപനം.

യോനോ വഴി വായ്പയെടുക്കുന്നവര്‍ക്ക് പലിശനിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ അധിക കിഴിവും ലഭിക്കും. 7.5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ ബാങ്ക് കാര്‍ വായ്പകള്‍ അനുവദിക്കുന്നുണ്ട്.

വ്യക്തിഗത, പെന്‍ഷന്‍ വായ്പയെടുക്കുന്നവര്‍ക്കും പ്രൊസസിംഗ് നിരക്കില്ല. ഭവന വായ്പകള്‍ക്ക് ഈ മാസം 31 വരെ പ്രൊസസിംഗ് നിരക്ക് ഒഴിവാക്കിതായി ബാങ്ക് നേരത്തേ അറിയിച്ചിരുന്നു. ഭവന വായ്പകള്‍ക്ക് 6.70 ശതമാനം മുതല്‍ വാര്‍ഷിക പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്വര്‍ണ വായ്പയിലും ബാങ്ക് ഇളവുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. സ്വര്‍ണ വായ്പയ്ക്കു 75 ബേസിസ് പോയിന്റിന്റെ കുറവാകും ലഭിക്കുക. ബാങ്കിന്റെ എതു ശാഖയില്‍നിന്നും ഉപയോക്താക്കള്‍ക്കു സ്വര്‍ണ ഈടിന്‍മേല്‍ 7.5 ശതമാനം വാര്‍ഷിക പലിശയില്‍ വായ്പ ലഭിക്കും. കൂടാതെ യോനോ ആപ്പുവഴി സ്വര്‍ണ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രൊസസിംഗ് നിരക്കും ബാധകമല്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it