Begin typing your search above and press return to search.
എസ്.ബി.ഐയെ ഇനി ആര് നയിക്കും? കാത്തിരിപ്പ് നീളും, ഇന്റര്‍വ്യൂ മാറ്റിവച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) അടുത്ത ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ നീളുന്നു. നിലവിലെ ചെയര്‍മാന്‍ ദിനേശ് ഖരെ ഓഗസ്റ്റ് 28ന് വിരമിക്കും. പിന്‍ഗാമിയെ കണ്ടെത്താനായി ഇന്ന് നടത്താനിരുന്ന അഭിമുഖം (Interview), ഇന്റര്‍വ്യൂ നടക്കുന്നതിന് തൊട്ടുമുമ്പായി മാറ്റിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; കാരണം വ്യക്തമല്ല.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്ന ജൂണ്‍ 4ന് ശേഷമേ ഇനി അഭിമുഖത്തിന് സാധ്യതയുള്ളൂ. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമായിരിക്കും തുടര്‍ തീരുമാനങ്ങളെന്നും സൂചനകളുണ്ട്.
പരിഗണിക്കുന്നത് 3 പേരെ
പൊതുമേഖലാ ബാങ്കുകളില്‍ ഉന്നത പദവികളിലേക്കുള്ള (Senior Executives) നിയമനങ്ങള്‍ക്ക് യോഗ്യരായവരെ കണ്ടെത്തുന്നത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോയാണ് (FISB). ദിനേശ് ഖരയ്ക്ക് ഈ വര്‍ഷം 63 വയസാകും. ചെയര്‍മാന്‍ പദവി വഹിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് അദ്ദേഹം വിരമിക്കുന്നത്.
സാധാരണയായി എസ്.ബി.ഐയുടെ ചെയര്‍മാനെ കണ്ടെത്തുന്നത് ബാങ്കിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ നിന്ന് തന്നെയാണ്. മാനേജിംഗ് ഡയറക്ടര്‍മാരായ സി.എസ്. ഷെട്ടി, അശ്വിനി കുമാര്‍ തിവാരി, വിനയ് എം ടോണ്‍സ് എന്നിവരുടെ പേരുകളാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മറ്റൊരു മാനേജിംഗ് ഡയറക്ടറായ അലോക് കുമാര്‍ ചൗധരി ഈമാസം അവസാനം വിരമിക്കും.
തിരഞ്ഞെടുക്കുന്ന വിധം
കേന്ദ്രസര്‍ക്കാരിന് കീഴിലെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന്റെ മുന്‍ മേധാവി ഭാനു പ്രതാപ് ശര്‍മ്മ അദ്ധ്യക്ഷനായ എഫ്.എസ്.ഐ.ബിയില്‍ കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി, പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ് സെക്രട്ടറി, റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്നിവരുണ്ടാകും. ഇവര്‍ മൂവരും കേന്ദ്രം നാമനിര്‍ദേശം ചെയ്ത അംഗങ്ങളാണ്.
ഇവര്‍ക്ക് പുറമേ മറ്റംഗങ്ങളായി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനിമേശ് ചൗഹാന്‍, റിസര്‍വ് ബാങ്കിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദീപക് സിംഘാള്‍, ഐ.എന്‍.ജി വൈശ്യ ബാങ്കിന്റെ എം.ഡിയായിരുന്ന ശൈലേന്ദ്ര ഭണ്ഡാരി എന്നിവരുമുണ്ട്.
ഇവര്‍ അഭിമുഖത്തിലൂടെ കണ്ടെത്തുന്ന യോഗ്യതയുള്ള ആളുടെ പേര് പ്രധാനമന്ത്രി അദ്ധ്യക്ഷനായ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ദ കാബിനറ്റിന് കൈമാറും. ഈ കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.
Next Story
Videos