ഭവനവായ്പയില്‍ റെക്കോര്‍ഡ് നേടി എസ്ബിഐ; 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വളര്‍ച്ച

എസ്ബിഐ പുതിയ ഭവനവായ്പാ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നോട്ട്. ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ്-ഭവന വായ്പ ബിസിനസ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് നേടിയത്. 2011-ലെ 89000 കോടി രൂപയില്‍നിന്നാണ് 2021-ല്‍ 5 ലക്ഷം കോടി രൂപയിലേയ്ക്കെത്തിയത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടാക്കിയിട്ടും ബാങ്കിന്റെ ഭവന വായ്പ ബിസിനസ് മികച്ച വളര്‍ച്ച നേടി.

2020 ഡിസംബറില്‍ ഭവന വായ്പയില്‍ വന്‍ വളര്‍ച്ചയാണ് നേടിയത്. ഭവന വായ്പ മേഖലയില്‍ 34 ശതമാനം വിപണി വിഹിതമുള്ള ബാങ്കിന്റെ ഭവന വായ്പയുടെ പലിശ 6.8 ശതമാനം മുതലാണ്. എസ്ബിഐ അംഗീകരിച്ച പദ്ധതികളില്‍ ഭവന വായ്പ എടുക്കുന്നവര്‍ക്ക് 2021 മാര്‍ച്ച് 31 വരെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
വായ്പയുടെ അന്വേഷണം മുതല്‍ തുക നല്‍കുന്നതുവരെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നല്‍കുന്ന റീട്ടെയില്‍ ലോണ്‍ മാനേജ്മെന്റ് സിസ്റ്റം (ആര്‍എല്‍എംഎസ്) പ്ലാറ്റ്ഫോം ഉള്‍പ്പെടെ ഭവന വായ്പ നല്‍കുന്നതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി വിവിധ ഡിജിറ്റല്‍ നടപടികള്‍ ബാങ്ക് മുന്‍കൈയെടുത്തു നടപ്പാക്കി വരികയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര അറിയിച്ചു.
പല വിധ പ്രതിസന്ധികളെ നേരിട്ടിട്ടും എസ്ബിഐയുടെ ഭവനവായ്പ വിപണി വിഹിതം ക്രമാനുഗതമായി വര്‍ധിക്കുകയാണ്. 2004 ല്‍ മൊത്തം 17000 കോടി രൂപയുടെ ഭവന വായ്പയുമായി ഈ ബിസനസില്‍ പ്രവേശിച്ച ബാങ്ക് 2012-ല്‍ ഒരു ലക്ഷം കോടിയുടെ ബിസിനസുമായി പ്രത്യേക റിയല്‍ എസ്റ്റേറ്റ് ഭവന വായ്പ ബിസിനസ് യൂണിറ്റിനു രൂപം നല്‍കി. 2014-ല്‍ എസ്ബിഐ ഈ വിഭാഗത്തില്‍ മാര്‍ക്കറ്റ് ലീഡറായി. 2021-ല്‍ മൊത്തം ബിസിനസ് 5 ലക്ഷം കോടി രൂപയ്ക്കു മുകളിലുമെത്തി.
മാത്രവുമല്ല, പുതിയതായി വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്കിന്റെ ഭവന വായ്പയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനവും ( മൊബൈല്‍ നമ്പര്‍: 7208933140) ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it