ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയ്ക്കായി ജെപി മോര്‍ഗനുമായി ചേര്‍ന്ന് എസ്ബിഐ; ഉപഭോക്താക്കള്‍ക്കെന്ത് ഗുണം? അറിയാം

വിദേശ പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ യുഎസ് ബാങ്കിന്റെ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)ജെപി മോര്‍ഗനുമായി ചേര്‍ന്നു. ഈ കൂട്ടുകെട്ട് എസ്ബിഐ ഉപഭോക്താക്കളുടെ ഇടപാട് ചെലവുകളും പേയ്മെന്റുകള്‍ക്കായി എടുക്കുന്ന സമയവും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തി കടന്നുള്ള പേയ്മെന്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പരിഹരിക്കുന്നതിന് എടുക്കുന്ന സമയം ഏതാനും മണിക്കൂറുകള്‍ മുതല്‍ രണ്ടാഴ്ച വരെ കുറയ്ക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ പരിമിതമായ സ്റ്റെപ്പുകളിലൂടെ തന്നെ അതിര്‍ത്തി കടന്നുള്ള പേമെന്റുകള്‍ സാധ്യമാക്കാന്‍ ഈ കരാറിലൂടെ കഴിയും. ഈ ആഗോള ബാങ്കിന്റെ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയായ 'ലിങ്ക്' (Liink) ഒരു പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്കിനായുള്ളതാണ്. രാജ്യാന്തര തലത്തിലെ ധനകാര്യ സ്ഥാപനങ്ങളും കോര്‍പ്പറേറ്റുകളും ഫിന്‍ടെക് കമ്പനികളും അന്തര്‍ദ്ദേശീയമായി സബ്സ്‌ക്രൈബ് ചെയ്യുന്നതാണ് ഈ സംവിധാനം.
കൂടുതല്‍ വേഗതയും നിയന്ത്രണവുമുള്ള സുരക്ഷിതവും പിയര്‍-ടു-പിയര്‍ ഡാറ്റ കൈമാറ്റവും ഇത് ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. അതിര്‍ത്തി കടന്നുള്ള ഇടപാടുകളില്‍ ഉണ്ടാകുന്ന അപകടസാധ്യതകളും ഇത് ലഘൂകരിക്കുന്നു. പേയ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി കൈമാറുന്നതിനായി എസ്ബിഐ അതിന്റെ പ്രവര്‍ത്തനങ്ങളെ ലിങ്കുമായി സംയോജിപ്പിച്ചിരിക്കുകയാണ്. ആഗോള തലത്തില്‍ നൂറോളം ബാങ്കുകളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്.
'അടുത്ത കാലത്തായി ഞങ്ങള്‍ കാര്യമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്, കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകള്‍ ചേര്‍ക്കുന്നത് തുടരുകയാണ്,'' എസ്ബിഐ ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് ഡെപ്യൂട്ടി എംഡി വെങ്കട്ട് നാഗേശ്വര്‍ പറഞ്ഞു.
ഇന്ത്യയില്‍ ബ്ലോക്ക്‌ചെയിന്‍ സാന്നിധ്യം വിപുലീകരിക്കുമെന്ന് ജെപി മോര്‍ഗന്‍ അറിയിച്ചു. 'വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കൊപ്പം ഉപഭോക്താക്കളുടെ അനുഭവം എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള സജീവ പര്യവേക്ഷണത്തിലാണ് ഞങ്ങള്‍, ''ജെപി മോര്‍ഗന്‍ ചേസ് ബാങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറും കോര്‍പ്പറേറ്റ്‌സ് ആന്‍ഡ് എഫ്‌ഐ ഹെഡുമായ പി ഡി സിംഗ് വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it