പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ
മാര്‍ജിനല്‍ ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) ഉയര്‍ത്തി എസ്ബിഐ. ബാങ്കുകള്‍ വായ്പ നല്‍കുന്ന കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍. 10 ബേസിസ് പോയിന്റ് അഥവാ 0.10 ശതമാനം വര്‍ധനവാണ് നിരക്കുകളില്‍ ഉണ്ടായത്. എസ്ബിഐയില്‍ നിന്ന് എംസിഎല്‍ആറിനെ അടിസ്ഥാനമാക്കി എടുക്കുന്ന വായ്പകളുടെ പലിശ നിരക്കും ഇതോടെ ഉയരും.
ഒറ്റരാത്രി കാലവധിയുള്ള വായ്പകള്‍ക്ക് പുതുക്കിയ എംസിഎല്‍ആര്‍ 7.95 ശതമാനം ആണ്. ഒരു മാസം, മൂന്ന് മാസം കാലവധിയുള്ളവയ്ക്ക് 8.10 ശതമാനവും ആറുമാസം വരെ ഉള്ളവയ്ക്ക് 8.40 ശതമാനവും ആണ് എംസിഎല്‍ആര്‍. ഒരു വര്‍ഷത്തേക്ക് 8.50 ശതമാനവും 2-3 കാലവധിയുള്ളവയ്ക്ക് 8.70 ശതമാനവും ആണ് പുതുക്കിയ നിരക്ക്.
ആര്‍ബിഐ റീപോ നിരക്ക് 0.25 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെയാണ് ബാങ്ക് എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചത്. എസ്ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും എംസിഎല്‍ആര്‍ ഉയര്‍ത്തിയേക്കും. രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപ്പോ. നിലവില്‍ റീപോ നിരക്ക് 6.5 ശതമാനം ആണ്.