റഷ്യന്‍ കമ്പനികളുമായി സാമ്പത്തിക ഇടപാട് നിര്‍ത്തി എസ് ബി ഐ
റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). യുക്രെയ്ന്‍ അധിനിവേശത്തിനുശേഷം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനുപിന്നാലെയാണ് എസ്ബിഐയുടെ നടപടി.
റഷ്യയുമായി വന്‍തോതില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ പുതിയ നടപടി റഷ്യന്‍ വ്യാപാര പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ധനം, ധാതു എണ്ണകള്‍, മുത്തുകള്‍, ആണവ റിയാക്ടറുകള്‍, യന്ത്രഭാഗങ്ങള്‍, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതുപോലെ ഫാര്‍മസിക്യൂട്ടിക്കല്‍സ്, രാസവസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ ഇന്ത്യയില്‍നിന്ന് കയറ്റിയയക്കുന്നുണ്ട്.
യുഎസ്, യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുന്ന 'എന്റിറ്റികള്‍, ബാങ്കുകള്‍, തുറമുഖങ്ങള്‍ അല്ലെങ്കില്‍ കപ്പലുകള്‍ ഉള്‍പ്പെടുന്ന ഇടപാടുകളൊന്നും' കറന്‍സി പരിഗണിക്കാതെ പ്രോസസ് ചെയ്യുന്നതല്ല''. ചില ഇടപാടുകാര്‍ക്ക് എസ്ബിഐ അയച്ച കത്തില്‍ പറയുന്നതായി റോയിട്ടേഴ്‌സ്, എന്‍ ഡി റ്റി വി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ്ബിഐയ്ക്ക് അന്തര്‍ദ്ദേശീയ സാന്നിധ്യമുണ്ട്, ആ അധികാരപരിധിയില്‍ നിന്നുകൊണ്ട് യുഎസ്, ഇ യു നിയന്ത്രണങ്ങള്‍ അനുകൂലിക്കേണ്ടതുണ്ടെന്ന് എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.