പുതിയ കൂട്ടുകെട്ടുമായി എസ്.ബി.ഐ; വിദേശത്ത് പഠിക്കുന്നവര്‍ക്ക് ഇനി പണമിടപാടുകള്‍ എളുപ്പം
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനായി ബോസ്റ്റണ്‍ ആസ്ഥാനമായ ഫ്ലൈവയർ കോര്‍പ്പറേഷനുമായി (Flywire Corporation) കൈകോര്‍ത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ).
ഉപയോഗിക്കാന്‍ എളുപ്പം
ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള പണമിടപാട് സംവിധാനമാണ് ഫ്ലൈവയർ. ആപ്ലിക്കേഷന്‍ മുതല്‍ ട്യൂഷന്‍ ഫീസ് വരെ നീളുന്ന സേവനങ്ങള്‍ ഫ്ലൈവയര്‍ ഉറപ്പാക്കുന്നു. എസ്.ബി.ഐയുടെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ രൂപയില്‍ അനായാസമായി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍.ആര്‍.എസ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും മെച്ചപ്പെട്ട സുതാര്യത ഉറപ്പാക്കിക്കൊണ്ടുമുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് എസ്.ബി.ഐ അറിയിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം പണമിടപാടുകള്‍ സുഗമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.