വായ്പാ തുക പിടിച്ചെടുത്തില്ല, പാപ്പരായ കമ്പനിയുടെ ഓഹരി വാങ്ങുന്നു; എസ്.ബി.ഐ ഊരാക്കുടുക്കില്‍
വായ്പയെടുത്ത ശേഷം പാപ്പരായി മാറുന്ന കമ്പനിയുടെ ഓഹരി വാങ്ങുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഊരാക്കുടുക്കില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള സ്വകാര്യ കമ്പനിയായ സുപ്രീം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എസ്.ഐ.ഐ.എല്‍) ഓഹരികള്‍ വാങ്ങാനുള്ള പൊതുമേഖലാ ബാങ്കിന്റെ തീരുമാനം കോര്‍പ്പറേറ്റ്, രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. വായ്പാ തുക പിടിച്ചെടുക്കുന്നതില്‍ ഇതുവരെ കാണാത്ത രീതിയാണ് എസ്.ബി.ഐ തുടങ്ങിയതെന്നും ഇത് ബാങ്കിംഗ് മേഖലയില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുമെന്നുമാണ് പ്രധാന ആരോപണം. എസ്.ബി.ഐ ഉള്‍പ്പടെ 13 ധനകാര്യ സ്ഥാപങ്ങളില്‍ നിന്നാണ് എസ്.ഐ.ഐ.എല്‍ വന്‍ തുക വായ്പയെടുത്തിട്ടുള്ളത്. ഇതൊന്നും തിരിച്ചടച്ചിട്ടില്ല.
എസ്.ബി.ഐക്ക് കിട്ടാനുള്ളത് 1,024.42 കോടി
സുപ്രീം ഇന്‍ഫ്രാസ്ട്രക്ചറിന് 1,024.42 കോടി രൂപയാണ് എസ്.ബി.ഐ വായ്പ അനുവദിച്ചത്. എന്നാല്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഇതിനിടെയാണ് സുപ്രീമിന്റെ ഓഹരികളില്‍ 24.33 കോടി രൂപ നിക്ഷേപിക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചത്. ഒരു ഓഹരിക്ക് 85.23 രൂപ നിരക്കില്‍ 28,55,771 ഓഹരികളാണ് വാങ്ങുന്നത്. നിലവില്‍ 94 രൂപക്ക് മുകളിലാണ് സുപ്രീം ഓഹരികളില്‍ ട്രേഡിങ്ങ് നടക്കുന്നത്. കമ്പനിയുടെ മൊത്തം ഓഹരിയില്‍ 2.4 ശതമാനമാണ് എസ്.ബി.ഐ വാങ്ങുന്നത്. വായ്പ തിരിച്ചടക്കാത്ത കമ്പനിയുടെ ഓഹരി ഉടമയാകാനുള്ള എസ്.ബി.ഐയുടെ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ബാങ്കിംഗ് മേഖല കാണുന്നത്.
ബാങ്കിംഗ് ചരിത്രത്തില്‍ അപൂര്‍വ്വം
എസ്.ബി.ഐയുടെ നീക്കം ഇന്ത്യയുടെ ബാങ്കിംഗ് ചരിത്രത്തില്‍ അപൂര്‍വ്വമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വായ്പയെടുത്ത് തിരിച്ചടക്കാത്ത സ്വകാര്യ കമ്പനികള്‍ക്ക് ഓഹരികള്‍ വിറ്റ് പ്രശ്നം അവസാനിപ്പിക്കാനുള്ള തെറ്റായ കീഴ്‌വഴക്കം ഇതുണ്ടാക്കുമെന്നാണ് പ്രധാന വിമര്‍ശനം. ഇക്കഴിഞ്ഞ ജൂലൈയില്‍ സുപ്രീം ഇന്‍ഫ്രാസ്ട്രക്ടര്‍ ഉടമകള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ച് വായ്പാ തിരിച്ചടവിന് 90 ദിവസം കൂടി ആവശ്യപ്പെട്ടിരുന്നു. വായ്പാ കുടിശിഖയില്‍ ഇളവു വരുത്താന്‍ ഇതിനിടെ വിവിധ ബാങ്കുകളും തയ്യാറായിട്ടുണ്ട്. അതേസമയം, വായ്പ നല്‍കിയവര്‍ക്കെല്ലാം കമ്പനിയുടെ ഓഹരി നല്‍കി പ്രശ്നം പരിഹരിക്കുകയെന്ന ശൈലിയാണ് സുപ്രീം മാനേജ്മെന്റ് സ്വീകരിക്കുന്നത്. നിലവില്‍ 7,093 കോടി രൂപയാണ് കമ്പനിയുടെ മൊത്തം കടം.
റിസര്‍വ് ബാങ്ക് ഇടപെടണമെന്ന് ആവശ്യം
എസ്.ബി.ഐയുടെ തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ വായ്പകള്‍ പിരിച്ചെടുക്കുന്നതില്‍ അച്ചടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. വായ്പ തിരിച്ചടക്കാത്തവരുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതാണ് എസ്.ബി.ഐയുടെ തീരുമാനം. ബാങ്കിംഗ് മേഖലയിലെ ധാര്‍മ്മികതയെ തന്നെ ബാധിക്കുന്ന വിഷയമാണിത്. വായ്പയെടുത്ത് പകരം ഓഹരി കൈമാറ്റം ചെയ്യാമെന്ന തെറ്റായ കീഴ്‌വഴക്കമാണ് ഇതുണ്ടാക്കുകയെന്നും ജയറാം രമേശ് പറഞ്ഞു.