പ്രേം വാത്സവയുടെ നീക്കം; സിഎസ്ബി ബാങ്ക് ഐഡിബിഐ ലയനം സംഭവിക്കുമോ ?

ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാത്സവയ്ക്ക് ഐഡിബിഐ ബാങ്കില്‍ കണ്ണുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷം തന്നെ ധനം പ്രസിദ്ധീകരിച്ചിരുന്നു. അത് ശരിവെയ്ക്കുന്നതാണ് ഐഡിബിഐ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍. പ്രേം വാത്സയുടെ നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സ്, ഐഡിബിഐയ്ക്കായി താല്‍പ്പര്യപത്രം സമര്‍പ്പിച്ചെന്നാണ് വിവരം.

കേന്ദ്ര സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. കേന്ദ്രത്തിന് 45.48 ശതമാനവും എല്‍ഐസിക്ക് 49.24 ശതമാനവും ഓഹരി വിഹിതമാണ് ബാങ്കിലുള്ളത്. അതില്‍ 30.5 ശതമാനം, 30.2 ശതമാനം ഓഹരികള്‍ വീതം യഥാക്രമം കേന്ദ്രവും എല്‍ഐസിയും വില്‍ക്കും. ഫോറിന്‍ ഫണ്ട് കണ്‍സോര്‍ഷ്യങ്ങള്‍ക്കും ഇന്‍വസ്റ്റ്‌മെന്റ് കമ്പനികള്‍ക്കും ബാങ്കിന്റെ 51 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാം. 22,500 കോടിയുടെ ആസ്തിയുള്ള, കഴിഞ്ഞ 5 വര്‍ഷത്തിനിടെ മൂന്ന് തവണയെങ്കിലും അറ്റാദായവും നേടിയ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാം.

ഫെയര്‍ഫാക്സിന്റെ സാധ്യതകള്‍

ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രേം വാത്സവ പറഞ്ഞിരുന്നു. 4-5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യത്ത് ഇതുവരെ 7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഫെയര്‍ഫാക്സ് നടത്തിയിട്ടുള്ളത്. ഓഹരികള്‍ സ്വന്തമാക്കുന്നതിനൊപ്പം ഐഡിബിഐ ബാങ്കിന്റെ പ്രമോര്‍ട്ടര്‍ പദവിയും പ്രേം വാത്സ ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു താല്‍പ്പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി. അഞ്ച് സ്ഥാപനങ്ങള്‍ ബാങ്കിനായി താല്‍പ്പര്യ പത്രം സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഐഡിബിഐയ്ക്കായി ഫെയര്‍ഫാക്സിനെ കൂടാതെ എമിറേറ്റസ് എന്‍ബിഡിയും രംഗത്തുണ്ട്.

ഫെയര്‍ഫാക്സിന്റെ നീക്കം ഫലിച്ചാല്‍ സിഎസ്ബി ബാങ്കിന് എന്ത് സംഭവിക്കും?

ഒരു ഇന്ത്യന്‍ ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാന്‍ ഫെയര്‍ഫാക്സ് നടത്തുന്ന രണ്ടാമത്തെ നീക്കമാണ് ഇപ്പോഴത്തേത്. 2019 ഫെബ്രുവരിയില്‍ തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ ഭൂരിഭാഗം ഓഹരികള്‍ ഫെയര്‍ഫാക്സ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഫെയര്‍ഫാക്സിന്റെ നിയന്ത്രണത്തിലാണ് സിഎസ്ബി്. രാജ്യത്തെ രണ്ട് ബാങ്കുകളുടെ നിയന്ത്രണം ഒരേ സമയം ഒരു പ്രമോര്‍ട്ടര്‍ക്ക് സാധ്യമാകാത്തതിനാല്‍ സിഎസ്ബി ബാങ്കും ഐഡിബിഐയും തമ്മില്‍ ലയിക്കാനും സാധ്യതയുണ്ട്. ഐഡിബിഐയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനായാല്‍ ലയന വഴിയാവും ഫെയര്‍ഫാക്സ് സ്വീകരിക്കുക.

നിലവില്‍ 59.85 രൂപയാണ് (11.30 AM) ഐഡിബിഐ ബാങ്ക് ഓഹരികളുടെ വില. 251.50 രൂപയിലാണ് സിഎസ്ബി ബാങ്ക് ഓഹരികളുടെ വ്യാപാരം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it