ആര്‍ബിഐ അനുമതി നല്‍കി, ഈ ധനകാര്യ സ്ഥാപനങ്ങളും ലയിക്കുന്നു

തങ്ങളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപങ്ങള്‍ ലയിപ്പിക്കുന്നതിന് ശ്രീറാം ഗ്രൂപ്പിന് (Shriram Group) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ശ്രീറാം ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവ ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുമായി ലയിപ്പിക്കുന്നതിനാണ് ശ്രീറാം ഗ്രൂപ്പ് ആര്‍ബിഐയുടെ (RBI) അംഗീകാരം നേടിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, വിവിധ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകള്‍ യോഗം ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സും ശ്രീറാം ക്യാപിറ്റല്‍ ലിമിറ്റഡും ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുമായി ലയിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു.

ലയനം യാഥാര്‍ത്ഥ്യമായാല്‍ കൊമേഴ്‌സ്യല്‍, ഇരുചക്രവാഹന വായ്പകള്‍, സ്വര്‍ണ്ണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ചെറുകിട എന്റര്‍പ്രൈസ് ഫിനാന്‍സ് എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിലവില്‍ 1.8 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ശ്രീറാം ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്.
ലയനം പൂര്‍ത്തിയായാല്‍ സംയോജിത സ്ഥാപനത്തിന്, എസ്ടിഎഫ്സിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായ ഉമേഷ് രേവങ്കര്‍ വൈസ് ചെയര്‍മാനായും ശ്രീറാം സിറ്റിയുടെ എംഡി-സിഇഒ വൈഎസ് ചക്രവര്‍ത്തി എംഡിയും സിഇഒയും ആയിരിക്കുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിലവിലുള്ളതും പുതിയതുമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ സൂപ്പര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കാനും ഡിജിറ്റല്‍ വായ്പയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തോടെ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ന് 1648.90 രൂപ എന്ന ഓഹരി വിലയിലാണ് ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. 1,142.00 രൂപയാണ് ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിയുടെ ഓഹരി വില.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it