വനിതാ സംരംഭകര്‍ക്ക് ₹10 ലക്ഷം മുതല്‍ ₹1 കോടി വരെ ഈടില്ലാതെ വായ്പ

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. സംരംഭകത്വത്തിലേക്കിറങ്ങുന്ന വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ വായ്പാ പദ്ധതികളും സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികളുമെല്ലാം രാജ്യത്ത് നടന്നു വരുന്നു. ഇതില്‍ പ്രധാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് അപ് ഇന്ത്യ സംരംഭകത്വ വായ്പാ പദ്ധതി. പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍ എന്നീ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍:

സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്‌കീം

2016ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടിക ജാതി പട്ടിക വര്‍ഗ സംരംഭകനും ഓരോ വായ്പകള്‍ ഓരോ വര്‍ഷവും നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് പദ്ധതിയുടെ നിബന്ധന. പ്രത്യേക സബ്‌സിഡി പറയുന്നില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് അര്‍ഹത ഉള്ളവയാണ് ഈ വായ്പ. പുതിയ പദ്ധതികള്‍ക്ക് ഈടില്ലാതെ തന്നെ വായ്പ അനുവദിക്കും. നിര്‍മാണ മേഖല, സേവന മേഖല, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപാര മേഖല എന്നിവയിലേതെങ്കിലും ആയിരിക്കണം സംരംഭം

ഓണ്‍ലൈനായും അപേക്ഷിക്കാം

സ്‌കീമിന്റെ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, നവംബര്‍ 20 വരെ 2.29 ലക്ഷത്തിലധികം അപേക്ഷകളില്‍ 53,822 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 46,894 കോടി രൂപയുടേത് വിതരണം ചെയ്ത് കഴിഞ്ഞു. 2.08 ലക്ഷം സംരംഭകര്‍ക്കാണിത്. സ്‌കീമിനായി അപേക്ഷിക്കാന്‍ standupmitra.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 • ‘You May Access Loans’ എന്ന വിഭാഗത്തില്‍ ‘Apply Here’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
 • പുതിയ സംരംഭകയാണോ നിലവില്‍ ബിസിനസ് ഉള്ള ആളാണോ തുടങ്ങിയ വിവരങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ new entrepreneur, existing entrepreneur or a self-employed professional ഓപ്ഷനുകളില്‍ നിന്നും ഒന്ന് തിരഞ്ഞെടുക്കുക.
 • പേര്, ഇ-മെയില്‍ ഐ.ഡി എന്നിവ നല്‍കുക.
 • ഒ.ടി.പി നല്‍കുക
 • വ്യക്തിഗത വിവരങ്ങളും ബിസിനസ് സംബന്ധിച്ച വിവരവും നല്‍കുക
 • മുമ്പ് ലോണ്‍ ഏതെങ്കിലും എടുത്തിട്ടുണ്ടെങ്കില്‍ അതും നല്‍കുക
 • വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ ‘Save’ ബട്ടന്‍ ക്ലിക്ക് ചെയ്യുക
 • 'Handholding agencies’ ക്ലിക്ക് ചെയ്താല്‍ വായ്പ എടുക്കാന്‍ സഹായിക്കുന്ന ഏജന്‍സികളുടെ സഹായം ആവശ്യപ്പെടാം.
 • ‘Loan enquiry’ ക്ലിക്ക് ചെയ്താല്‍ ലോണിന്റെ വിശദ വിവരങ്ങള്ഡ അറിയാം.
 • ‘Knowledge Center’ ക്ലിക്ക് ചെയ്താല്‍ സംരംഭകത്വ പരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും
 • ‘New Application’ ക്ലിക്ക് ചെയ്താല്‍ അപേക്ഷ സമര്‍പ്പിക്കാം, ബാങ്കിനായുള്ള വിവരങ്ങളാണിവ


ഫോം ഫില്‍ ചെയ്ത് സബ്മിറ്റ് ചെയ്താല്‍ പ്രോസസിംഗ് ആരംഭിക്കും. പിന്നീട് അപേക്ഷ സ്വീകരിച്ച ബാങ്ക് നേരില്‍ ബന്ധപ്പെടും.

സ്റ്റാന്‍ഡപ്പ് മിത്ര പോര്‍ട്ടലില്‍ ഓരോ ജില്ലയിലും ഈ വായ്പയ്ക്കായി സഹായിക്കുന്ന ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍മാരുടെ ലിസ്റ്റ് ഉണ്ട്. ഇതില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ജില്ലയിലെ ലീഡ് മാനേജരെ കണ്ടെത്തി ബാങ്കിലെത്തി അപേക്ഷിക്കാവുന്നതുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it