പ്രതിദിന യുപിഐ ഇടപാടുകളുടെ എണ്ണം 100 കോടിയെത്തും: ശക്തികാന്ത ദാസ്

പ്രതിദിന യുപിഐ (unified payments interface) ഇടപാടുകളുടെ എണ്ണം ഇപ്പോഴുള്ള 26 കോടിയില്‍ നിന്ന് 100 കോടിയായി ഉയരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പ്രതിദിനം 100 കോടി ഇടപാടുകള്‍ നടത്താനുള്ള ശേഷി ഈ സംവിധാനത്തിനുണ്ടെന്നും കൂടുതല്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ യുപിഐ സംവിധാനം സജ്ജമാണെന്നും ഡിജിറ്റല്‍ പേയ്മെന്റ് അവേര്‍നസ് വീക്ക് 2023 ല്‍ അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കണം

എല്ലാ ബാങ്കുകളും പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാരും (പിഎസ്ഒ) അവരുടെ സംവിധാനങ്ങളുടെ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാനോ നവീകരിക്കാനോ ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ സംവിധാനം ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംവിധാനത്തിലേക്ക് എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം, വേഗത, സുരക്ഷ എന്നിവ നല്‍കി ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കണം. അങ്ങനെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

യുപിഐ ഇടപാടുകള്‍ വര്‍ധിച്ചു

യുപിഐ ഇടപാടുകളുടെ എണ്ണം 2017 ജനുവരിയിലെ 45 ലക്ഷത്തില്‍ നിന്ന് 2023 ജനുവരിയില്‍ 804 കോടി ഇടപാടുകളായി വര്‍ധിച്ചു. ഇത് അതിഗംഭീര വളര്‍ച്ചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുപിഐ ഇടപാടുകളുടെ മൂല്യം 2017 ജനുവരിയിലെ 1700 കോടി രൂപയില്‍ നിന്ന് 2023 ജനുവരിയില്‍ 12.98 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.

കഴിഞ്ഞ മാസം യുപിഐ, പേയ്നൗ എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ആരംഭിച്ചിരുന്നു. ഇതുപോലെ യുപിഐ മറ്റ് രാജ്യങ്ങളിലെ പണമിടപാട് സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

75 ഡിജിറ്റല്‍ ഗ്രാമങ്ങള്‍

ഗ്രാമീണതലത്തിലുള്ള സംരംഭകരുടെ പങ്കാളിത്തത്തിലൂടെയും '75 ഡിജിറ്റല്‍ ഗ്രാമങ്ങള്‍' എന്ന പദ്ധതി ആരംഭിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 75 ഗ്രാമങ്ങള്‍ ദത്തെടുക്കുകയും അവയെ ഡിജിറ്റല്‍ പണമിടപാട് പ്രാപ്തമാക്കിയ ഗ്രാമങ്ങളാക്കി മാറ്റുകയും ചെയ്യും. ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ച് ഗ്രാമങ്ങളിലെ വ്യാപാരികളെ ബോധവല്‍ക്കരിക്കുന്നതിനായി ക്യാമ്പുകള്‍ നടത്തുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it