Begin typing your search above and press return to search.
യു.പി.ഐ തട്ടിപ്പിന് പുതിയ മുഖം
യു.പി.ഐ ഇടപാടുകളില്‍ വര്‍ധനയുണ്ടായതിനൊപ്പം തട്ടിപ്പൂകളും കൂടുന്നു. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022-23ല്‍ 95,000 വഞ്ചനാ പരാതികളാണ് സൈബര്‍ സെല്ലുകളില്‍ ലഭിച്ചത്. പുതിയ വഴികളിലൂടെയാണ് തട്ടിപ്പുകള്‍.
യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തട്ടിപ്പുകാര്‍ മനഃപൂര്‍വം ചെറിയതുക ഓണ്‍ലൈനായി കൈമാറും. തുടര്‍ന്ന് ഇത് ലഭിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെടും. തെറ്റായി പണം അയച്ചതാണെന്നും തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെടും. അങ്ങനെ ഓണ്‍ലൈനായി പണം തിരിച്ചു നല്‍കുന്നവരുടെ ഫോണിലെ പ്രധാന വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തും - ബാങ്ക് അക്കൗണ്ട് നമ്പര്‍, പാന്‍ നമ്പര്‍, ആധാര്‍ തുടങ്ങിയവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പൈസ തട്ടിയെടുക്കും. മുംബൈയില്‍ 81 പേര്‍ക്ക് ഇത്തരത്തില്‍ നഷ്ടമായത് ഒരു കോടിയിലധികം രൂപയാണ്.
തട്ടിപ്പ് തടയുക പ്രയാസം!
ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എളുപ്പമല്ലെന്ന് സൈബര്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മാല്‍വെയര്‍ ഫിഷിംഗ് (malware phishing) എന്ന സങ്കീര്‍ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ക്ക് ഇവയെ തടയാന്‍ കഴിയില്ല. അതിനാല്‍ അപരിചിതരില്‍ നിന്ന് പണം യു.പി.ഐ വഴി അക്കൗണ്ടിലേക്ക് വന്നാല്‍ അത് തിരിച്ചു യു.പി.ഐ സംവിധാനത്തിലൂടെ മടക്കി നല്‍കുന്നത് ഒഴിവാക്കണം. തെറ്റായി അക്കൗണ്ടിലേക്ക് പണം കൈമാറി എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി തിരിച്ചു നല്‍കാമെന്ന് അറിയിക്കുക.
കബളിപ്പിക്കപ്പെടാതിരിക്കാന്‍ 4 വഴികള്‍
ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നാല് മാര്‍ഗങ്ങള്‍ സ്വീകരിക്കാം: വിശ്വസനീയമായ യു.പി.ഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്ന പിന്‍ വേണ്ട. യു.പി.ഐ പിന്‍ മറ്റാരുമായി പങ്കുവയ്ക്കരുത്. യു.പി.ഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാം (ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ലഭിക്കും). സംശയാസ്പദമായ യു.പി.ഐ ഇടപാടുകള്‍ ഉണ്ടാകുമ്പോള്‍ ബാങ്കിനെ അറിയിക്കുക, പ്രതിദിന ഇടപാട് പരിധിവച്ചാല്‍ നഷ്ടപെടുന്ന തുക കുറഞ്ഞിരിക്കും.
Next Story
Videos