റീറ്റെയ്ല്‍ ഡിജിറ്റല്‍ പണമിടപാട്: യു.പി.ഐ 90 ശതമാനത്തിലേക്ക്; തിളങ്ങാതെ യു.പി.ഐ ലൈറ്റ്

അതിവേഗം വളരുന്ന യു.പി.ഐ ഇടപാടുകള്‍ 2026-27 ആകുമ്പോഴേക്കും പ്രതിദിനം 100 കോടിയെത്തുമെന്ന് പി.ഡബ്ല്യൂ.സി (PwC) ഇന്ത്യ റിപ്പോര്‍ട്ട് പറയുമ്പോഴും യു.പി.ഐ ലൈറ്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രം. 'ദി ഇന്ത്യന്‍ പേയ്മെന്റ് ഹാന്‍ഡ്ബുക്ക് - 2022-27' എന്ന ഈ പി.ഡബ്ല്യു.സി റിപ്പോര്‍ട്ട് പ്രകാരം യു.പി.ഐ ഇടപാടുകള്‍ പ്രതിദിനം 100 കോടിയെത്തുന്നതോടെ ഇത് രാജ്യത്തെ മൊത്തം റീറ്റെയ്ല്‍ ഡിജിറ്റല്‍ പേയ്മെന്റുകളുടെ 90 ശതമാനമെത്തും. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ 41,100 കോടി രൂപ യു.പി.ഐ ഇടപാടുകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

യു.പി.ഐ ലൈറ്റ് 2-3% മാത്രം

രാജ്യത്തെ മൊത്തം റീറ്റെയ്ല്‍ ഡിജിറ്റല്‍ പണമിടമാടുകളുടെ 75 ശതമാനവും 100 രൂപയ്ക്ക് താഴെ മൂല്യമുള്ളവയാണെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. 200 രൂപയ്ക്ക് താഴെ മൂല്യമുള്ളവയുടെ കണക്കെടുത്താല്‍ മൊത്തം ഇടപാടിന്റെ 40-50 ശതമാനം വരും. ഈ സാഹചര്യത്തില്‍ 200 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്കായി റിസര്‍വ് ബാങ്ക് യു.പി.ഐ ലൈറ്റ് അവതരിപ്പിച്ചെങ്കിലും വെറും 2-3 ശതമാനം മാത്രം ഇടപാടുകളേ ഇതുപയോഗിച്ച് രാജ്യത്ത് നടക്കുന്നുള്ളൂ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബോധവല്‍ക്കരണം നടത്തണം

യു.പി.ഐ ഇടപാടുകള്‍ 43 ശതമാനം ഉയര്‍ന്ന് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 14.1 ലക്ഷം കോടി രൂപയെത്തിയിരുന്നു. ഈ യു.പി.ഐ ഇടപാടുകളുടെ കണക്കിലേക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന യു.പി.ഐ ലൈറ്റിനെ കുറിച്ച് പലരും ബോധവാന്‍മാരല്ല എന്നതാണ് പ്രധാന പ്രശ്‌നം. യു.പി.ഐ ലൈറ്റിനെ ബാങ്കുകളും, എന്‍.പി.സി.ഐയും മറ്റും കഴിയുന്നത്ര പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഉപയോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും ഇതേ കുറിച്ച് ബോധവല്‍ക്കരണ കാമ്പയ്നുകള്‍ നടത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.

തുടക്കത്തില്‍ കനറാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ എട്ട് ബാങ്കുകളാണ് യു.പി.ഐ ലൈറ്റ് സംവിധാനം സ്വീകരിച്ചത്. പിന്നീട് ആക്സിസ് ബാങ്ക്, പേയ്ടിഎം പേയ്മെന്റ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും യു.പി.ഐ ലൈറ്റ് സ്വീകരിച്ചു. ഫോണ്‍പേയും യു.പി.ഐ ലൈറ്റ് സംവിധാനം കൊണ്ടുവന്നിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it