ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡ്‌, സേവനം 40ല്‍ അധികം രാജ്യങ്ങളില്‍

ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ പേയ്‌മെന്റ് സേവന ദാതാക്കളായ വിസ (Visa). എഫ്ടിഎക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുമായി ചേര്‍ന്നാണ് വിസ ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. നാല്‍പ്പതിലധികം രാജ്യങ്ങളില്‍ ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനാണ് ഇരുകമ്പനികളുടെയും പദ്ധതി.

കരാറിന്റെ ഭാഗമായി എഫ്ടിഎക്‌സ് ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ ലഭിക്കും. എഫ്ടിഎക്‌സ് വാലറ്റിലെ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് ഈ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. കാര്‍ഡ് ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ അധിക ചാര്‍ജ് നല്‍കേണ്ടതില്ല. വില ഇടിവുണ്ടായെങ്കിലും ആളുകള്‍ക്ക് ക്രിപ്‌റ്റോയിലുള്ള താല്‍പ്പര്യം നഷ്ടമായിട്ടില്ലെന്ന് വിസ സിഎഫ്ഒ വസന്ത് പ്രഭു ചൂണ്ടിക്കാട്ടി.

Also Read : സാം ബാങ്ക്മാന്‍ : ക്രിപ്‌റ്റോ ലോകത്തെ 'ജെപി മോര്‍ഗന്‍'

ആദ്യ ഘട്ടത്തല്‍ ഏഷ്യ-യൂറോപ് വിപണികളിലായിരിക്കും വിസയുടെ ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡുകള്‍ എത്തുക. 2023 ഓടെ ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ഇരു കമ്പനികളും ചേര്‍ന്ന് ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കും. ഈ വര്‍ഷം ആദ്യം എന്‍എഫ്ടി മേഖലയിലുള്ളവര്‍ക്കായി ഒരു ക്രിയേറ്റര്‍ പ്രോഗ്രാം വിസ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ക്രിപ്‌റ്റോ ലിങ്ക്ഡ് കാര്‍ഡുകള്‍ വിസ പുറത്തിറക്കുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ മാത്രം 18,685 കോടി രൂപയുടെ ക്രിപ്‌റ്റോ ഇടപാടുകളാണ് വിസ ഉപഭോക്താക്കള്‍ നടത്തിയത്. ക്രിപ്‌റ്റോ പ്രോജക്ട് നിക്ഷേപങ്ങളില്‍ രണ്ടാം സ്ഥാനമാണ് എഫ്ടിഎക്‌സിനുള്ളത്. ഈ വര്‍ഷം ഇതുവരെ വിവിധ പ്രോജക്ടുകള്‍ക്കായി എഫ്ടിഎക്‌സ് നിക്ഷേപിച്ചത് 4000 കോടിയോളം രൂപയാണ്.

Related Articles
Next Story
Videos
Share it