പുതിയ സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവർക്കും അടുത്ത ഘട്ടത്തിലേക്ക് ചുവടു വെ ക്കുന്നവർക്കും ഒരു മാർഗരേഖ

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇവ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നു. പ്രാദേശിക തലത്തില്‍ ജനങ്ങള്‍ക്ക് ഒട്ടേറെ തരത്തിലുള്ള പിന്തുണ നല്‍കുന്നു. എല്ലാത്തിനുമുപരിയായി ഇവ നാട്ടില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നു. എന്നിരുന്നാലും നമ്മുടെ നാട്ടിലെ ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രാരംഭദശയിലെ വളര്‍ച്ചയ്ക്ക് ശേഷം അടുത്ത ഘട്ടത്തിലേക്ക് ഉയരാന്‍ വിജയകരമായി സാധിക്കുന്നില്ല. പലവിധ പ്രതിബന്ധങ്ങളാണ് ഇതിനായി ശ്രമിക്കുമ്പോള്‍ സംരംഭകര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരിക. പരിമിതമായ വിഭവസമ്പത്ത്- അത് ഫണ്ടാകാം, വിദഗ്ധരായ ജീവനക്കാരാകാം- പലപ്പോഴും വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാകാറുണ്ട്.

വിപണിയില്‍ നിന്നുള്ള കടുത്ത മത്സരവും പരമ്പരാഗത ശൈലികള്‍ വിട്ട് പ്രൊഫഷണല്‍ ശൈലിയിലേക്കും മറ്റും മാറാത്തതും അടുത്തഘട്ട വളര്‍ച്ചയെ തടുത്തുനിര്‍ത്തുന്ന കാര്യങ്ങളാണ്.
പുതു സംരംഭകര്‍ മുതല്‍ കാലങ്ങളായി ബിസിനസ് നടത്തുന്നവര്‍ വരെ ശ്രദ്ധിക്കേണ്ട 50 കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

പുതുസംരംഭകരുടെ ശ്രദ്ധയ്ക്ക്

പരാജയപ്പെടാനായി ആരും സംരംഭം തുടങ്ങുന്നില്ല. എന്നാല്‍ ചിലപ്പോഴൊക്കെ പരാജയത്തിന്റെ കൈപ്പുനീര്‍ കുടിക്കേണ്ടിവരുന്നു. ഇത് എങ്ങനെ ഒഴിവാക്കാം?

വില്‍ക്കാവുന്നവ മാത്രം തിരഞ്ഞെടുക്കുക

സംരംഭം നിര്‍മാണമോ സേവനമോ വ്യാപാരമോ ഫാമുകളോ സ്റ്റാര്‍ട്ടപ്പോ ബ്രോക്കറേജോ എന്തുമാവട്ടെ, വിപണിയെ മുന്‍കൂട്ടിക്കണ്ടു മാത്രമേ നിക്ഷേപം നടത്താവൂ. ജോലി ചെയ്ത് നേടിയ അറിവോ മാനസികമായ താല്‍പ്പര്യമോ അല്ല സംരംഭം തുടങ്ങാനുള്ള അളവുകോല്‍. നിങ്ങളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം വിപണിക്ക് ആവശ്യമുള്ളതാണോയെന്ന് നോക്കുക.

ആവശ്യകത മനസിലാക്കുക

സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വലിയതോതില്‍ മാര്‍ക്കറ്റ് സര്‍വേകള്‍ നടത്താന്‍ കഴിയണമെന്നില്ല. ഉല്‍പ്പന്നം/സേവനം അത് വാങ്ങുന്നവരും വിതരണം ചെയ്യുന്നവരും വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരും മറ്റുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയാല്‍ ഉല്‍പ്പന്നത്തിന്റെ വിപണി സാധ്യതകളെക്കുറിച്ച് മനസിലാക്കാനാവും. വിപണിയിലെ ആവശ്യകതയില്‍ നിന്നാവണം സംരംഭം പിറക്കേണ്ടത്.

കുറഞ്ഞ നിക്ഷേപത്തില്‍ തുടങ്ങുക

ചെറുതായി തുടങ്ങുക, വലുതായി വളരുക എന്നതാകണം മുദ്രാവാക്യം. ഇതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്.കുറഞ്ഞ നിക്ഷേപത്തില്‍ തുടങ്ങുന്നതിനാല്‍ സംരംഭകന്റെ മാനസിക സമ്മര്‍ദ്ദം കുറവായിരിക്കും.ഉല്‍പ്പാദനത്തിന് അനുസരിച്ച് വിപണി കണ്ടെത്തുക എളുപ്പമാണ്.ഏറെ സാങ്കേതികത നിര്‍മാണ, വിതരണ പ്രക്രിയ
കളില്‍ ഉണ്ടാവില്ല.ക്രെഡിറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ കഴിയും. മെച്ചപ്പെട്ട ലാഭം ലഭിക്കും (മിക്കവാറും നേരിട്ടായിരിക്കും ലഘു സംരംഭങ്ങളില്‍ വില്‍പ്പന നടത്തുക എന്നതിനാല്‍).പ്രകൃതി സൗഹൃദവും കുടുംബ വ്യവസായവുമായി ലഘു സംരംഭങ്ങളെ രൂപപ്പെടുത്താന്‍ കഴിയും.
കുടുംബ കൂട്ടായ്മകളിലൂടെ ഉല്‍പ്പാദന ചെലവ് കുറയ്ക്കാന്‍ കഴിയും. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെതന്നെ ചെറിയ വായ്പകള്‍ ബാങ്കുകള്‍ അനുവദിക്കും (ആവശ്യമെങ്കില്‍).
വിപണന സാധ്യതകള്‍ക്ക് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും. അഞ്ച് എച്ച്പി പവറില്‍ താഴെ ഉപയോഗിക്കുന്ന സംരംഭങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപന ലൈസന്‍സില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ലാഭമാകണം ലക്ഷ്യം

ചെറിയ മുതല്‍മുടക്കോടെയാണ് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് എങ്കിലും ലക്ഷ്യം ലാഭം തന്നെ ആയിരിക്കണം. സംരംഭത്തിന്റെ നിലനില്‍പ്പിനും വിജയത്തിനും ലാഭം കൂടിയേ തീരൂ. സ്ഥാപനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും വികസിപ്പിക്കുന്നതിനും ലാഭം വേണം.സംരംഭകന്റെ വേതനമാണ് ലാഭം. ഇതാണ് പുനര്‍ നിക്ഷേപമായി രൂപപ്പെടുന്നത്. ലാഭം ഉണ്ടാക്കുന്ന സംരംഭങ്ങളെ മാത്രമേ ധനകാര്യ സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളും അംഗീകരിക്കുകയുള്ളൂ.

വായ്പ അത്യാവശ്യത്തിനു മാത്രം

ആകെ വേണ്ടിവരുന്ന നിക്ഷേപം ആദ്യമേ കണക്കാക്കണം. ഇതില്‍ പരമാവധി തുക സംരംഭകന്റെ വിഹിതമായി കൊണ്ടുവരാന്‍ ശ്രമിക്കണം. ബാക്കി തുക മാത്രമേ ബാങ്ക് വായ്പയായി എടുക്കാവൂ. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനുസരിച്ച് സ്ഥിര നിക്ഷേപത്തിന് (ഭൂമി ഒഴികെ) 80% വരെയും ആവര്‍ത്തന ചെലവു കള്‍ക്ക് 60% വരെയും ബാങ്ക് വായ്പ ലഭിക്കുന്നതാണ് (സ്‌കീമുകള്‍ അനുസരിച്ച് സംരംഭകന്റെ വിഹിതത്തില്‍ വ്യത്യാസം വരും). തുടക്കത്തിലെ ബാങ്ക് ബാധ്യതകള്‍ കുറച്ചുകൊണ്ടുവരാനാണ് സംരംഭകര്‍ ശ്രദ്ധിക്കേണ്ടത്.

സബ്സിഡി പ്രതീക്ഷിച്ച് എടുത്തുചാടരുത്

സര്‍ക്കാര്‍ സബ്സിഡികള്‍ പ്രതീക്ഷിച്ച് അമിത വായ്പകള്‍ എടുക്കരുത്. സ്വയംതൊഴില്‍ സംരംഭങ്ങളില്‍ വായ്പ എടുക്കുന്ന സമയവും പ്രവര്‍ത്തനം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം ആറ് മാസത്തില്‍ അധികരിക്കാതെ നോക്കണം. വായ്പയ്ക്ക് സര്‍ക്കാര്‍ സബ്സിഡി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ പുതുസംരംഭകര്‍ക്ക് അത് വലിയ ആശ്വാസമായിരിക്കും.

നിയമങ്ങള്‍ അറിഞ്ഞ് നിക്ഷേപം നടത്തണം

നിലവിലുള്ള നിയമങ്ങള്‍ നന്നായി മനസിലാക്കി വേണം നിക്ഷേപം നടത്താന്‍. നെല്‍വയലുകള്‍, പരിസ്ഥിതി ലോല പ്രദേശങ്ങള്‍, തീരദേശ പരിധിയിലെ സ്ഥലങ്ങള്‍, ടൗണ്‍ പ്ലാനിംഗ് വകുപ്പ് റിസര്‍വ് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, മറ്റ് നിയന്ത്രണങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ എന്നിവയില്‍ സംരംഭങ്ങള്‍ തുടങ്ങരുത്.

സംരംഭത്തിന്റെ സ്വഭാവം പരിഗണിച്ച് വേണം കെട്ടിടം തിരഞ്ഞെടുക്കാന്‍

ഓരോ സംരംഭത്തിന്റെയും സ്വഭാവം പരിഗണിച്ചാകണം സ്ഥലം തിരഞ്ഞെടുക്കല്‍. പ്രതിമാസം ഭാരിച്ച പണച്ചെലവ് വരുന്ന സ്ഥലങ്ങള്‍ തുടക്കക്കാര്‍ ഒഴിവാക്കണം. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും നിയന്ത്രണത്തിലുള്ള വ്യവസായ പാര്‍ക്കുകള്‍, ഷെഡ്ഡുകള്‍ എന്നിവയില്‍ സംരംഭം തുടങ്ങാന്‍ കഴിഞ്ഞാല്‍ അതും വലിയ ഗുണകരമാകും.

വൈവിധ്യവല്‍ക്കരണം കൊണ്ട് വരാന്‍ ശ്രമിക്കണം

എക്കാലത്തും ഒരുപോലെ ശോഭിക്കുന്ന സംരംഭങ്ങള്‍ ഉണ്ടാകണമെന്നില്ല. ഒരു സംരംഭം തുടങ്ങിക്കഴിഞ്ഞാല്‍ വിപണിയിലെ മാറ്റത്തിന് അനുസരിച്ച് പുതിയ ഉല്‍പ്പന്നങ്ങളെ കുറിച്ച് ചിന്തിക്കണം. സ്ഥാപനം വിപുലീകരിക്കുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും വലിയ പരിഗണന നല്‍കണം.

പോയി കാണണം, പറ്റുന്നവയെല്ലാം

ഉല്‍പ്പാദന, വിതരണ, വിപണന രീതികള്‍ കാലോചിതമാക്കാന്‍ സംരംഭകര്‍ സ്വയം തയാറാകണം. ദേശീയ അന്തര്‍ദേശീയ പ്രദര്‍ശന പരിപാടികളില്‍ പങ്കെടുക്കുന്നത് ഈ കാര്യത്തില്‍ വലിയ ഗുണം ചെയ്യും. ഇതിനൊക്കെ സര്‍ക്കാരിന്റെ ഗ്രാന്റ് പോലും ലഭ്യമാണ്. സംരംഭത്തില്‍ നിരന്തരമായ ഇന്നൊവേഷന്‍ കൊണ്ടുവരുമ്പോഴാണ് അത് വിജയിച്ച് മുന്നോട്ടുപോകുന്നതും മാതൃകയായി മാറുന്നതും.

ദേശീയ തലത്തിലെ പഠന റിപ്പോര്‍ട്ടുകളെ അവലംബിച്ചും സംരംഭകരോടും സംരംഭകത്വ വികസന രംഗത്തെ വിദഗ്ധരോടും സംസാരിച്ച് തയാറാക്കിയത്.

കടപ്പാട്: ടി.എസ്. ചന്ദ്രന്‍ (മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്), ഡോ. സുധീര്‍ ബാബു (ഡീ വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററും), ജിംസണ്‍ ഡേവിഡ് സി(ഡയറക്റ്റര്‍, ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്), ബൈജു നെടുങ്കേരി (പിറവം ടെക്നോ ലോഡ്ജ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററും).

Related Articles
Next Story
Videos
Share it