Begin typing your search above and press return to search.
കേരളത്തില്‍ സോളാര്‍ വെളിച്ചംവിതറാന്‍ അദാനിക്കമ്പനി; നോട്ടം സംസ്ഥാനത്തിന്റെ വന്‍ സാധ്യതകളില്‍
കേരളത്തിന്റെ സോളാര്‍പാനല്‍ വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ അദാനി സോളര്‍ ഒരുങ്ങുന്നു. ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ സോളര്‍ പാനല്‍ (Solar PV) നിര്‍മ്മാണക്കമ്പനിയാണ് അദാനി സോളര്‍.
കേരളത്തില്‍ സോളാര്‍ വിപണിയില്‍ വന്‍ സാധ്യതകളാണ് കാണുന്നതെന്ന് അദാനി സോളാര്‍ നാഷണല്‍ സെയില്‍സ് ഹെഡ് സെസില്‍ അഗസ്റ്റിന്‍ വ്യക്തമാക്കി. 2023ല്‍ മാത്രം സംസ്ഥാനത്ത് കമ്പനി 70 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു.
കേരളത്തില്‍ 200 മെഗാവാട്ടിന്റെ പുരപ്പുറ സോളാര്‍ പാനലുകള്‍ കൂടി ഉടന്‍ സ്ഥാപിക്കുന്നത് കമ്പനി ഉന്നമിടുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും സോളാര്‍ പാനലുകളുടെ വില്‍പനയ്ക്കായി കോയമ്പത്തൂരില്‍ വിപുലമായ വെയര്‍ഹൗസ് സ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
കേരളക്കമ്പനിയുമായി കൈകോര്‍ത്ത്
അദാനി സോളാര്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സൗരോര്‍ജ പാനലുകള്‍ക്ക് ഏഷ്യയിലെ ഏത് രാജ്യത്തെ ബ്രാന്‍ഡുകളെയും വെല്ലുന്ന നിലവാരമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കേരളത്തില്‍ സോളാര്‍ പാനലുകളുടെ വിതരണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയായ ആല്‍മിയ ഗ്രൂപ്പുമായി അദാനി സോളാര്‍ ധാരണയിലെത്തിയിരുന്നു.
കറന്റ് ബില്‍ പൂജ്യത്തിനടുത്താക്കാം
കേരളത്തില്‍ പുരപ്പുറ സോളാര്‍ പദ്ധതികള്‍ക്ക് വന്‍ സാധ്യതകളുണ്ടെന്ന് അദാനി സോളാര്‍ കമ്പനി അഭിപ്രായപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച പി.എം. സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന പ്രകാരം സംസ്ഥാനത്തെ പുരപ്പുറ സോളാര്‍ പദ്ധതി കൂടുതല്‍ വിപുലമാക്കാനാകും.
30 വര്‍ഷത്തെ വാറന്റിയുള്ള സോളര്‍ പാനലുകളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. ശരാശരി ഒരു കുടുംബം 1.6 ലക്ഷം രൂപ മുടക്കിയാല്‍ വീട്ടിലെ വൈദ്യുതി ബില്ല് പൂജ്യത്തിനടുത്തേക്കായി കുറയ്ക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.
അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്‌സ് തിരുവനന്തപുരം വിഴിഞ്ഞത്ത് സജ്ജമാക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനും സോളാര്‍ ഊര്‍ജം പകരാനുള്ള ഒരുക്കത്തിലാണ് അദാനി സോളാര്‍ കമ്പനി.
Next Story
Videos