കേരള ബജറ്റ് 2023: കാര്‍ഷിക മേഖലയില്‍ ലോകബാങ്ക് വായ്പയോടെ പുതിയ പദ്ധതി

സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ലോകബാങ്ക് വായ്പയോടെ ഒരു പുതിയ പദ്ധതി വരുന്നു. KERA (Kerala Climate Resilient Agri Value Chain Modernisation Project- കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കണം) എന്ന പദ്ധതി 2024-25ല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

ചെറുകിട കര്‍ഷകര്‍, കാര്‍ഷികാധിഷ്ഠിത സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തില്‍ കേരളത്തിലെ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയും അതുവഴി പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 2365 കോടി രൂപ ഈ പദ്ധതി വഴി ചെലവിടും.

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രഖ്യാപനങ്ങള്‍

* വിള പരിപാലന മേഖലയ്ക്കായി 535.90 കോടി രൂപ

* സംസ്ഥാനത്തെ ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 93.60 കോടി രൂപ

* സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 78.45 കോടി രൂപ

* നാളികേരത്തിന്റെ താങ്ങുവില കിലോഗ്രാമിന് 32 രൂപയില്‍ നിന്ന് 34 രൂപയാക്കി. നാളികേര വികസന പദ്ധതിക്കായി 65 കോടി രൂപ

* സുഗന്ധ വ്യജ്ഞന കൃഷികള്‍ പ്രോത്സാഹിപ്പിക്കാന്‍ 4.60 കോടി രൂപ

* ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി രൂപ

* സംസ്ഥാനത്ത് വിളകളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും.

* വിള ആരോഗ്യ പരിപാലനത്തിന് 13 കോടി രൂപ

* ഫാം യന്ത്രവല്‍ക്കരണത്തിനുള്ള സഹായ പദ്ധതിക്കായി 16.95 കോടി രൂപ

* വിളവെടുപ്പിന് ശേഷമുള്ള പരിപാലനത്തിനും മൂല്യവര്‍ധനവിനുമായി ആകെ 8 കോടി രൂപ

* കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പ് വരുത്തുന്നതിന് 43.90 കോടി രൂപ

മൃഗസംരംക്ഷണം


* മൃഗസംരക്ഷണ മേഖലയ്ക്ക് 277.14 കോടി രൂപ

* മൃഗസംരംക്ഷണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 82.50 കോടി രൂപയും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് 57 കോടി രൂപയും വകയിരുത്തി.

Related Articles
Next Story
Videos
Share it