ആസ്റ്റര്‍ ഡിഎം-കെയര്‍ ഹോസ്പിറ്റല്‍ ലയനം മൂന്നാഴ്ചക്കകം, ആസാദ് മൂപ്പന്‍ ചെയര്‍മാനായി തുടരും; ഓഹരി കൈമാറ്റ വ്യവസ്ഥകള്‍ ഇവയാണ്

പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ബംഗളൂരു ആസ്ഥാനമായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റലുമായുള്ള ലയനം ഈ മാസം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സേവന മേഖലയിലെ പുതിയൊരു വമ്പന്‍ കമ്പനിയുടെ ഉദയത്തിനാണ് ഇതോടെ സാക്ഷ്യം വഹിക്കുക. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ലിസ്റ്റഡ് ഹോസ്പിറ്റല്‍ ശൃംഖലയെന്ന നേട്ടം പുതിയ കമ്പനിയായ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയറിന് സ്വന്തമാകും.

കെയര്‍ ഹോസ്പിറ്റലിനെ നിയന്ത്രിക്കുന്ന ഇന്ത്യന്‍ വിഭാഗമായ ക്വാളിറ്റി കെയര്‍ ഇന്ത്യയില്‍ പ്രമുഖ നിക്ഷേപക സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന് 79 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മറ്റൊരു പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടി.പി.ജിയുടെ കൈവശമാണ് ബാക്കി 21 ശതമാനം ഓഹരികള്‍.
ലയന ശേഷമുള്ള സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായി ബ്ലാക്ക്‌സ്റ്റോണ്‍ മാറും. 2023 മേയിലാണ് ടി.പി.ജി റൈസ് ഫണ്ട്‌സില്‍ നിന്ന് ബ്ലാക്ക് സ്‌റ്റോണ്‍ കെയര്‍ ഹോസ്പിറ്റലിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കുന്നത്. പുതിയ കമ്പനിയില്‍ 23 ശതമാനം ഓഹരികളാകും ആസാദ് മൂപ്പന്റെ കുടുംബത്തിനുണ്ടാകുക. 34 ശതമാനം പങ്കാളിത്തം ബ്ലാക്ക് സ്‌റ്റോണിനും 11 ശതമാനം ടി.പി.ജിക്കുമായിരിക്കും.

ഇരു നിക്ഷേപക സ്ഥാപനങ്ങളുടേയും കൈയിലാണ് ഏറിയ പങ്ക് ഓഹരികളെങ്കിലും നിയന്ത്രണാവകാശം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിനായിരിക്കും. പുതിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി ആസ്റ്റര്‍ ഡി.എം ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ തുടരുമെന്നാണ് സൂചന. ഈ വര്‍ഷം ആദ്യം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗള്‍ഫ് ബിസിനസ് വേര്‍പെടുത്തിയിരുന്നു. ആസാദ് മൂപ്പനും മറ്റു സ്ഥാപകര്‍ക്കും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറില്‍ നിലവിൽ 42 ശതമാനം ഓഹരികളാണുള്ളത്.

ഓഹരി സ്വന്തമാക്കല്‍ ഇങ്ങനെ

ഓഹരികള്‍ പരസ്പരം വച്ചുമാറിക്കൊണ്ടാകും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും കെയര്‍ ഹോസ്പിറ്റലും തമ്മില്‍ ലയിക്കുക. 1:1 എന്ന അനുപാതത്തിലായിരിക്കും ഓഹരി കൈമാറ്റം. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പുതിയ കമ്പനിക്ക് കീഴില്‍ 2025 സാമ്പത്തിക വര്‍ഷത്തോടെ മൊത്തം 38 ആശുപത്രികളും 10,000 കിടക്കകളുമാണ് പ്രതീക്ഷിക്കുന്നത്. ക്വാളിറ്റി കെയറിനു കീഴില്‍ നിലവില്‍ കെയര്‍ ഹോസ്പിറ്റലകളും കിംസ് കേരള ഹോസ്പിറ്റലികളും പ്രവര്‍ത്തിക്കുന്നുണ്ട്.
Related Articles
Next Story
Videos
Share it