ഐ.ടിയിലും റോബോട്ടിക്‌സിലും കുതിക്കാന്‍ കേരളം; നിര്‍മിതബുദ്ധി ഹബ്ബാക്കാന്‍ ലക്ഷ്യം

കേരളത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 2024 ജൂലൈയില്‍ ഐ.ബി.എമ്മുമായി ചേര്‍ന്ന് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

ഇതുകൂടാതെ ഉന്നത ഗവേഷണ സ്ഥാപനങ്ങളും റോബോട്ടിക്‌സ് കമ്പനികളുമായി ചേര്‍ന്ന് കേരളത്തെ റോബോട്ടിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ഓഗസ്റ്റില്‍ റൗണ്ട് ടേബിള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.ടിയ്ക്ക് 507 കോടി
കേരളത്തിന്റെ ഐ.ടി മേഖലയുടെ വളര്‍ച്ചയ്ക്ക് സമഗ്ര ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. വിവര സാങ്കേതിക മേഖലയ്ക്കായി 507.14 കോടി രൂപയാണ് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ വകയിരുത്തിയത്. കേരള സ്‌പേസ് പാര്‍ക്കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് വായ്പ ഉള്‍പ്പെടെ 52.20 കോടി രൂപയും വകയിരുത്തി.
അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിനോദ മേഖലയില്‍ പുതു സംരംഭകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സംരംഭകര്ക്ക് അടിസ്ഥാന സൗകര്യങ്ങള് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ സഹായം നല്‍കും.
ഡാറ്റ സെന്ററുകളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 47 കോടി രൂപ വകയിരുത്തി. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപയും നീക്കി വച്ചു. സംസ്ഥാനത്താകെ 2,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപയും.
കേരള യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 23.51 കോടി രൂപയും ഐ.ഐ.ഐ.ടി.എം.കെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 18.95 കോടി രൂപയും നീക്കി വച്ചു.
ടെക്‌നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്

ടെക്‌നോ പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 27.47 കോടി രൂപ, ഇന്‍ഫോ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 26.70 കോടി രൂപ. സൈര്‍ പാര്‍ക്കിന് 12.80 കോടി രൂപ എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തി.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ 20 കോടി രൂപ കളമശേരി കിന്‍ഫ്ര-ഹൈടെക് പാര്‍ക്കില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനും 70.52 കോടി രൂപ യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്കുമായിരിക്കും.
സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്നതിന് ഫണ്ട് ഓഫ് ഫണ്ട്സ് മുഖേന 46.10 കോടി രൂപയും വകയിരിത്തിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 117.18 കോടി രൂപയാണ് ധനമന്ത്രി വകയിരുത്തിയത്.

Related Articles

Next Story

Videos

Share it