ഒടുവില്‍, ഓഫീസുകള്‍ക്കും പൂട്ടിട്ട് ബൈജൂസ്; ജീവനക്കാരോട് 'വീട്ടിലിരിക്കാന്‍' നിര്‍ദേശം

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് രാജ്യമെമ്പാടുമുള്ള ഓഫീസുകള്‍ ഒഴിഞ്ഞു. ബംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിര്‍ത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) ആവശ്യപ്പെട്ടതായാണ് അറിയുന്നത്. 300ഓളം ബൈജൂസ് ട്യൂഷന്‍ സെന്ററുകളാണ് രാജ്യത്തുണ്ടായിരുന്നത്.

സമീപഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം ഉറപ്പാക്കാനാണ് അടിയന്തരമായ തീരുമാനം. കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരി വില്‍പ്പന വഴി 20 കോടി ഡോളര്‍ ബൈജൂസ് സമാഹരിച്ചിരുന്നെങ്കിലും നിക്ഷേപകര്‍
എന്‍.സി.എല്‍.ടിയെ
സമീപിച്ച് ആ തുക വിനിയോഗിക്കുന്നതില്‍ നിന്ന് ബൈജൂസിനെ വിലക്കിയിരുന്നു. ഇതോടെ ദൈനംദിന ചെലവുകള്‍ക്കും ശമ്പളം നല്‍കാനും പോലുമാകാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തി.
ബൈജൂസിന്റെ ഇന്ത്യയിലെ സി.ഇ.ഒ ആയ അര്‍ജുന്‍ മോഹന്‍ നടപ്പാക്കി വരുന്ന പുനഃസംഘടനാ പദ്ധതിയുടെ ഭാഗമാണ് ഓഫീസുകള്‍ ഒഴിയല്‍. കഴിഞ്ഞ ആറുമാസമായി ലീസ് കഴിയുന്ന മുറയ്ക്ക് ഓഫീസുകള്‍ ഓരോന്നായി ഒഴിഞ്ഞു വരികയായിരുന്നു. നിലവില്‍ ബൈജൂസിന് ഇന്ത്യയില്‍ 14,000 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്‍ നിന്നാണ് പണം സമാഹരിച്ചത്. ഇനിയും പലര്‍ക്കും ശമ്പളം മുഴുവനായും നല്‍കിയിട്ടില്ല. അവകാശ ഓഹരി വില്‍പ്പന വഴി സമാഹരിച്ച പണം വിനിയോഗിക്കാന്‍ എന്‍.സി.എല്‍.ടി അനുമതി നല്‍കുന്ന മുറയ്ക്ക് കുടിശിക
വീട്ടുമെന്നാണ്
മാര്‍ച്ച് 10ന് ജീവനക്കാര്‍ക്കയച്ച കുറിപ്പില്‍ ബൈജൂസ് വ്യക്തമാക്കിയിരിക്കുന്നത്.

വിടാതെ പ്രശ്‌നങ്ങള്‍

കൊവിഡിനു ശേഷം നിരന്തരമായ പ്രശ്‌നങ്ങളിലാണ് ബൈജൂസ്. പ്രതാപകാലത്ത് ഏറ്റെടുത്ത പല കമ്പനികളും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നതാണ് പ്രധാനമായും തിരിച്ചടിയായത്. വന്‍ തുകകള്‍ വായ്പയെടുത്തിരുന്നത് തിരിച്ചടയ്ക്കാതായതോടെ യു.എസ് വായ്പാദാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ ഉപകമ്പനികളെ വിറ്റഴിച്ച് പണം കണ്ടെത്താന്‍ ബൈജൂസ് ശ്രമിച്ചെങ്കിലും നിക്ഷേപകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതു നടന്നില്ല.

വിദേശനാണ്യ വിനിമയ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായെന്നും ക്രമക്കേട് കണ്ടെത്താനായില്ലെന്നും ബൈജൂസ് പറയുന്നു. അത് സമയം സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എവിടെയാണെന്നതിനെ കുറിച്ച് ഇനിയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിര്‍ണായകമായ വാരം

രാജ്യത്തും ബൈജൂസ് നിയമനടപടികള്‍ നേരിടുന്ന ബൈജൂസിന് ഈ വാരം വളരെ നിര്‍ണായകമാണ്. കമ്പനിയെ നയിക്കുന്നതില്‍ ബൈജൂസിന്റെ മാനേജ്‌മെന്റിന് വീഴ്ച പറ്റിയെന്നാരോപിച്ച് നിക്ഷേപകര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന്റെ ഓഹരി ഉടമകളായ പ്രോസസ്, പീക്ക് എക്‌സ്.വി, ജനറല്‍ അറ്റ്‌ലാന്റിക്, സോഫിന എന്നിവരാണ് ബാംഗളൂര്‍ എന്‍.സി.എല്‍.ടിയില്‍ ഹര്‍ജി നല്‍കിയത്.
ബൈജൂസ് അവകാശ ഓഹരി വഴി സമാഹരിച്ച പണം കേസ് തീര്‍പ്പാകുന്നതു വരെ പ്രത്യേക അക്കൗണ്ടിലേക്ക് നീക്കാനാണ് എന്‍.സി.എല്‍.ടിയുടെ ഉത്തരവ്. നിലവിലെ സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഈ തുക ബൈജു രവീന്ദ്രന് സഹായമാകുമായിരുന്നു. എന്നാല്‍ നിക്ഷേപകരുടെ നടപടി ആ വഴി അടച്ചയിരിക്കുകയാണ്.
കൂടാതെ കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ അടക്കമുള്ളവരെ മാറ്റണമെന്ന് ആവശ്യവുമായി നടത്തിയ അസാധാരണ പൊതുയോഗത്തിന്റെ നടപടിക്രമങ്ങള്‍ നിര്‍വയ്ക്കണമെന്ന ആവശ്യവുമായി ബൈജൂസിന്റെ ഉടമകള്‍ കര്‍ണാടക ഹൈകോര്‍ട്ടിനെ കഴിഞ്ഞ ഫെബ്രുവരി 21ന് സമീപിച്ചിരുന്നു. അടുത്ത വാദം കേള്‍ക്കുന്നതുവരെ എ.ജി.എമ്മിന്റെ തീരുമാനവുമായി മുന്നോട്ടു പോകരുതെന്ന് ഹൈക്കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. നാളെയാണ് (മാര്‍ച്ച് 13) വീണ്ടും കോടതി ഇതില്‍ വാദം കേള്‍ക്കുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it