Begin typing your search above and press return to search.
ജീവനക്കാര്‍ക്ക് ആശ്വാസം, പ്രതിസന്ധിക്കിടെയും ഏപ്രിലിലെ ശമ്പളം നല്‍കി ബൈജൂസ്
പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതിസന്ധിക്കിടെയും സെയില്‍സ് വിഭാഗം ഒഴികെയുള്ള ജീവനക്കാര്‍ക്കെല്ലാം ഏപ്രിലിലെ ശമ്പളം പൂര്‍ണമായി നല്‍കി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജീവനക്കാരുടെ കൂട്ട രാജി ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമ്പനി സെയില്‍സ് ടീമിലുള്ളവരുടെ ശമ്പളം ഓരോ ആഴ്ചയും അവര്‍ നേടുന്ന വരുമാനവുമായി ലിങ്ക് ചെയ്തിരുന്നു.
ഏപ്രില്‍ 24ന് നടപ്പാക്കിയ ഈ നയത്തിന് നാലാഴ്ചത്തെ കാലയളവാണുള്ളത്. കമ്പനിയിലെ ഇന്‍സൈഡ് സെയില്‍ (ഐ.എസ്), ബൈജൂസ് എക്‌സാം പ്രിപ് (ബി.ഇ.പി) ടീമുകളിലുള്ളവരുടെ ശമ്പളമാണ് ഇതിലൂടെ താത്കാലികമായി നിറുത്തിയത്.
കടമെടുത്തു ബൈജു രവീന്ദ്രന്‍
കമ്പനിയില്‍ നിന്നുള്ള വരുമാനത്തോടൊപ്പം സ്ഥാപകരുടെ വ്യക്തിഗത വായ്പകളും ഉപയോഗിച്ചാണ് ഈ മാസത്തെ ശമ്പളം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം ശമ്പളക്കുടിശിക തീര്‍ക്കാന്‍ 30 കോടി രൂപയാണ് ബൈജു രവീന്ദ്രന്‍ സ്വന്തം പേരില്‍ കടമെടുത്തത്. നിലവിലെ സാമ്പത്തിക ബാധ്യത പരിഹരിക്കാനായി അവകാശ ഓഹരി വഴി സമാഹരിച്ച 200 മില്യണ്‍ ഡോളര്‍ ചെലവഴിക്കാനുള്ള അനുമതിക്കായി ബൈജൂസ് നാഷണല്‍ ലോ ട്രൈബ്യൂണലിനെ സമീപിച്ചതാണ്. പക്ഷെ ട്രൈബ്യൂണല്‍ ഈ കേസ് ജൂണ്‍ ആറിലേക്ക് മാറ്റിവച്ചു.
നാല് പ്രമുഖ നിക്ഷേപകര്‍ ബൈജൂസിനെതിരെ ട്രൈബ്യൂണലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അവകാശ ഓഹരി വഴി സമാഹരിച്ച ഫണ്ട് ഒരു പ്രത്യേക അക്കൗണ്ടില്‍ സീക്ഷിക്കാന്‍ നിര്‍ദേശിച്ചത്. നിലവില്‍ ഒരു മാസം ജീവനക്കാര്‍ക്കുള്ള ശമ്പളം മാത്രമായി 40-50 കോടി രൂപയാണ് ബൈജൂസ് നല്‍കുന്നത്.
നിരവധി പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുന്ന ബൈജൂസിന് തിരിച്ചടിയായി കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചിരിക്കുകയാണ്. ഇതു കൂടാതെ മറ്റ് രണ്ട് കമ്പനികളില്‍ നിന്ന് കൂടി കഴിഞ്ഞയാഴ്ച സമാന നടപടി ബൈജൂസ് നേരിടുന്നുണ്ട്. ഇതോടെ മൊത്തം ഏഴ് കമ്പനികളാണ് ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ക്കായി നിയമപോരാട്ടം നടത്തുന്നത്.
Next Story