Begin typing your search above and press return to search.
കുരുക്കിട്ട് ഓപ്പോയും; ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്
പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസിന് കുരുക്കായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പരാതി. ബൈജൂസിനെതിരേ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി. ബൈജു രവീന്ദ്രന്റെ കമ്പനിക്കെതിരേ പാപ്പരത്വ നടപടികള്‍ തുടങ്ങണമെന്നാണ് ആവശ്യം. ലോ ട്രൈബ്യൂണല്‍ ബൈജൂസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഓപ്പോയും ബൈജൂസും തമ്മിലുള്ള ഇടപാട് എന്താണെന്നോ എത്രമാത്രം വലിയ തുകയ്ക്കാണ് ലോ ട്രൈബ്യൂണലിനെ സമീപിച്ചതെന്നോ വ്യക്തമല്ല. ഓപ്പോയുടെ ഹര്‍ജി മേയ് അവസാന ആഴ്ച മാത്രമേ ലോ ട്രൈബ്യൂണല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പോയെ കൂടാതെ മറ്റ് രണ്ട് കമ്പനികളില്‍ നിന്ന് കൂടി കഴിഞ്ഞയാഴ്ച സമാന നടപടി ബൈജൂസ് നേരിടുന്നുണ്ട്. യു.എസ് പബ്ലിഷിംഗ് കമ്പനിയായ മാക്‌ഗ്രോ ഹില്‍ എഡ്യൂക്കേഷന്‍, കോഗ്നെന്റ് ഇ-സര്‍വീസ് എന്നിവരാണ് ലോ ബോര്‍ഡിനെ സമീപിച്ച മറ്റു രണ്ട് കമ്പനികള്‍. ഒപ്പോയുടെയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം ഏഴു കമ്പനികളാണ് ബൈജൂസിനെതിരേ പാപ്പരത്വ നടപടികള്‍ക്കായി നിയമപോരാട്ടം നടത്തുന്നത്.
ശമ്പളരീതി പരിഷ്‌കരിച്ച് ബൈജൂസ്
ഫെബ്രുവരിയിലെയും മാര്‍ച്ചിയിലെയും ശമ്പളവിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ബൈജൂസ് പുതിയ പരിഷ്‌കാരം ഇതിനിടെ കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം ഓരോ ആഴ്ചയും മാര്‍ക്കറ്റിംഗ് സെക്ഷനിലുള്ളവര്‍ക്ക് അവര്‍ കൊണ്ടുവരുന്ന ബിസിനസിന്റെ 50 ശതമാനം നല്‍കും.
ഈ പരിഷ്‌കാരം വഴി ബിസിനസ് മെച്ചപ്പെടുത്താമെന്നാണ് ബൈജൂസ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ 50,000 രൂപ സമാഹരിച്ചെന്നിരിക്കട്ടെ. ഈ തുകയില്‍ നിന്ന് 25,000 രൂപ മേയ് ഒന്നിന് ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് നല്‍കും.
മാര്‍ച്ചിലെ ശമ്പളം കൊടുക്കാന്‍ ബൈജൂ രവീന്ദ്രന്‍ സ്വന്തം നിലയ്ക്ക് 30 കോടി രൂപ കടമെടുത്തിരുന്നു. ഈ പണം ഉപയോഗിച്ചാണ് ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളത്തിന്റെ ഒരു വിഹിതം കൊടുത്ത് തീര്‍ത്തത്. ഒരുമാസം ശമ്പളത്തിന് മാത്രമായി 45-50 കോടി രൂപയാണ് ബൈജൂസിന് വേണ്ടിവരുന്നത്. 14,000ത്തോളം ജീവനക്കാരാണ് ബൈജൂസില്‍ ജോലി ചെയ്യുന്നത്.
താഴ്ന്ന പ്രതിഫലം വാങ്ങുന്നവരുടെയും ടീച്ചര്‍മാരുടെയും മുഴുവന്‍ ശമ്പളവും കൊടുത്തപ്പോള്‍ ഉയര്‍ന്ന തസ്തികയിലുള്ളവര്‍ക്ക് മാര്‍ച്ചിലെ പകുതി ശമ്പളമാണ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരുഭാഗവും കൊടുത്തു തീര്‍ക്കാനുണ്ട്.
Next Story
Videos