കേന്ദ്രത്തില്‍ നിന്നുള്ള ജിഎസ്ടി കുടിശിക കിട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധി തീരുമെന്ന് ധനമന്ത്രി

കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഈയിനത്തില്‍ കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കാനുള്ള 1600 കോടി രൂപ ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം നിയമസഭയില്‍ വിശദീകരിച്ചു.

'ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്ത് ഇല്ല. പക്ഷെ സാമ്പത്തിക ഞെരുക്കം ഉണ്ട്. ശമ്പള വിതരണത്തിന് ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ മാസങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഈ മാസം അത്തരമൊരു അവസ്ഥ നേരിട്ടു'- തോമസ് ഐസക് പറഞ്ഞു. ചരക്ക് സേവന നികുതി കുടിശികയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള തുക കിട്ടിയാല്‍ തീരാവുന്ന പ്രതിസന്ധി മാത്രമേ സംസ്ഥാനത്തുള്ളു.

അതേ സമയം സംസ്ഥാനത്ത് ധനകാര്യ മാനേജ്‌മെന്റ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് വിഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് പോകുന്നത്. നികുതി കുടിശിക പോലും കാര്യക്ഷമമായി പിരിച്ചെടുക്കാന്‍ ധനവകുപ്പിന് കഴിയുന്നില്ല. നികുതി വകുപ്പില്‍ അരാജകത്വമാണ്. പൊതു കടവും ആളോഹരികടവും കൂടി. സംസ്ഥാനത്തെ വികസന പദ്ധതികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങുന്ന അവസ്ഥയിയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തെ ക്ഷേമ പ്രവര്‍ത്തനങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കില്ലെന്നും അതിനുളള ധനകാര്യ മാനേജ്മെന്റ് ധനവകുപ്പ് നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.അംഗീകൃത വായ്പാ അടങ്കല്‍ 6500 കോടി കേന്ദ്രം ഇതുവരെ തന്നിട്ടില്ല. എന്നിട്ടും പദ്ധതി ചെലവില്‍ സര്‍വകാല റെക്കോര്‍ഡാണ് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ സമയം 33.9 ശതമാനം മാത്രമായിരുന്നു പദ്ധതി ചെലവെങ്കില്‍ ഈ വര്‍ഷം ഇതുവരെ ചെലവഴിച്ചത് 43.03 % ആണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഉത്തേജക പാക്കേജ് നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണെന്നും ധനമന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it