Begin typing your search above and press return to search.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നോട്ടം യൂറോപ്യന്‍ തീരത്തേക്കും
രാജ്യത്തെ മുന്‍നിര കപ്പല്‍നിര്‍മാണ ശാലകളിലൊന്നായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂറോപ്പിലെ ഹ്രസ്വദൂര കപ്പല്‍ വ്യവസായ മേഖലയിലെ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായര്‍. മണികണ്‍ട്രോളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.
അടുത്തിടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് രണ്ട് യൂറോപ്യന്‍ കമ്പനികളില്‍ നിന്ന് 14 കപ്പലുകള്‍ക്കുള്ള കരാര്‍ കരസ്ഥമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. 100 മുതല്‍ 130 മീറ്റവരെ നീളമുള്ള ഹ്രസ്വദൂര യാനങ്ങളാണ് യൂറോപ്യന്‍ കമ്പനികള്‍ക്കായി ഇന്ത്യ നിര്‍മിച്ചു നല്‍കുന്നത്. ഈ മേഖലയിലെ കൂടുതല്‍ സാധ്യകള്‍ പ്രയോജനപ്പെടുത്താനാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലക്ഷ്യം.
കപ്പല്‍ നിര്‍മാണത്തിന് ഊന്നല്‍
നിലവില്‍ 140 കോടി ഡോളര്‍ വരുന്ന ആഗോള കപ്പല്‍ നിര്‍മാണ വിപണിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയുടെ വിഹിതം. ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും കപ്പല്‍ നിര്‍മാണ വ്യവസായം ത്വരിതപ്പെടുത്താനുള്ള യജ്ഞത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി രംഗത്ത് രാജ്യത്തെ ആഗോളതലത്തില്‍ ആദ്യ പത്തില്‍ എത്തിക്കാനുള്ള നയം മാരിടൈം ഇന്ത്യ വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ രണ്ട് മുന്ന് വര്‍ഷമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും മറ്റ് കപ്പല്‍ നിര്‍മാണ ശാലകളും നേടിയ ഓര്‍ഡറുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ തന്നെ ഇന്ത്യയുടെ വിഹിതം ഉയരുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
ഷിപ്പിംഗ് ഇന്‍ഡസ്ട്രിയെയും അടിസ്ഥാനസൗകര്യ വിഭാഗമായി കണക്കാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. രാജ്യത്ത് ഗ്രീന്‍ ഷിപ്പ് ബില്‍ഡിംഗ് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഇത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും കരുത്തു പകരം. അടുത്ത ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ വെസല്‍ നിര്‍മാണത്തില്‍ നിന്നാകും ഷിപ്പ്‌യാര്‍ഡിന്റെ മുഖ്യ വരുമാനമെന്ന് മധു എസ്. നായര്‍ പറയുന്നു.
വിപുലമായ സൗകര്യങ്ങള്‍
കൊല്‍ക്കത്തയും ഉഡുപ്പിയും ആസ്ഥാനമായി രണ്ട് ഉപകമ്പനികളുമുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വന്‍ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്. കൊച്ചിയില്‍ 310 മീറ്റര്‍ നീളമുള്ള ഡ്രൈഡോക്കും അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി ശാലയും (International Ship Repairing Faciltiy) പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് പദ്ധതികള്‍ക്കുമായി 2,800 കോടി രൂപയാണ് ചെലവഴിച്ചത്. 4,000പോര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന പദ്ധതികളാണിത്.
പുതിയ പ്രോജക്ടുകള്‍ വഴി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് പ്രതിവര്‍ഷം 150-160 കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനാകും. നിലവില്‍ 80-90 കപ്പലുകളുടെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. കൊച്ചിയില്‍ കൂടാതെ മുംബൈ, കോല്‍ക്കത്ത, പോര്‍ബ്ലെയര്‍ എന്നിവിടങ്ങളിലാണ് കപ്പല്‍ അറ്റകുറ്റപണിശാലകളുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കപ്പല്‍ അറ്റകുറ്റപ്പണിക്കായി മറ്റൊരു സംവിധാനം ആരംഭിക്കാനും പദ്ധതിയുണ്ട്.
പുതിയ ഡ്രൈഡോക്ക് വന്നതോടെ ഐ.എന്‍.എസ് വിക്രാന്തയേക്കാള്‍ വഴിയ വെസലുകള്‍ നിര്‍മിക്കാനുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്. സര്‍ക്കാരില്‍ നിന്ന് വലിയ കപ്പലിനുള്ള ഓര്‍ഡര്‍ ലഭിച്ചാല്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറയുന്നു.
Next Story
Videos