കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹1,000 കോടിയുടെ കരാര്‍, 5 മാസം കൊണ്ട് പൂര്‍ത്തിയാക്കണം

നാവികസേനയുടെ വമ്പന്‍ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയവും കൊച്ചി കപ്പല്‍ ശാലയും (Cochin Shipyard) തമ്മില്‍ കരാര്‍ ഒപ്പു വച്ചു. ഇന്ത്യന്‍ നേവി ഉപയോഗിക്കുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ഡ്രൈഡോക്കിംഗിനുമായാണ് 1,000 കോടി രൂപയുടെ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. അഞ്ച് മാസമാണ് പദ്ധതയുടെ കാലയളവ്.

നിരന്തരമായി ആഭ്യന്തര-വിദേശ ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് സാധിക്കുന്നുണ്ട്. അടുത്തിടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ജാക്ക്-അപ് റഗ്സ് നിര്‍മിക്കാന്‍ യു.എസ് കമ്പനിയായ സിയാട്രിയം ലെറ്റൂര്‍നോയുമായി കരാര്‍ ഒപ്പു വച്ചിരുന്നു. തീരപ്രദേശത്ത് നിന്ന് അകലെ കടലില്‍ ഖനനത്തില്‍ സഹായിക്കുന്ന മൊബൈല്‍ ഓഫ്ഷോര്‍ ഡ്രില്ലിംഗ് യൂണിറ്റ്സ് (MOSsU) വെസലുകള്‍ ഇന്ത്യന്‍ വിപണിക്കായി നിര്‍മിക്കുന്നതിനാണ് സിയാട്രിയം ലെറ്റൂനോയുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ സഹകരിക്കുന്നത്.

22,000 കോടിയിലേറെ ഓര്‍ഡറുകള്‍

രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ ശാലകളിലൊന്നാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌. നിലവില്‍ 22,000 കോടി രൂപയ്ക്ക് മുകളില്‍ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കൈവശമുണ്ട്. 7,820 കോടി രൂപയുടെ പുതിയ ഓര്‍ഡറുകളും പ്രതീക്ഷിക്കുന്നു. എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 970 കോടി രൂപയുടെ രാജ്യാന്തര അറ്റകുറ്റപ്പണിശാല സജ്ജമാക്കി. കൂടാതെ 1,800 കോടി രൂപ ചെലവിട്ട് തേവരയില്‍ പുതിയ ഡ്രൈഡോക്കും സജ്ജമാക്കി വരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 188.92 കോടി രൂപയുടെ സംയോജിത ലാഭമാണ് കൊച്ചിന്‍
ഷിപ്പ്‌യാര്‍ഡ്‌
രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ നാല് ശതമാനം വളര്‍ച്ചയാണ് നേടാനായത്. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 1,011.71 കോടി രൂപയില്‍ നിന്ന് 13 ശതമാനം ഉയര്‍ന്ന് 1,143.19 കോടി രൂപയുമായി. കടമില്ലാത്ത കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌.

ഓഹരി തിരിച്ചു വരവില്‍

കഴിഞ്ഞ ആറു മാസക്കാലയളവെടുത്താല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഓഹരികളുടെ പ്രകടനം നിറം മങ്ങിയതായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 17 ശതമാനം തിരിച്ചു കയറാന്‍ ഓഹരികള്‍ക്ക് സാധിച്ചു. ഒരു വര്‍ഷ കാലയളവില്‍ 160 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it