കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി വിഭജന തീയതി പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍ അറിയാം

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ കപ്പല്‍നിര്‍മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ വിഭജിക്കുന്നതിനുള്ള റെക്കോഡ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 10നാണ് യോഗ്യരായ ഓഹരികളെ കണ്ടെത്തുന്നതിനായുള്ള റെക്കോഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്.

റെക്കോഡ് തീയതി
എന്തെങ്കിലും കോര്‍പ്പറേറ്റ് നടപടികളുടെ ഭാഗമായി യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനായി കമ്പനി അതിന്റെ റെക്കോഡുകള്‍ പരിശോധിക്കുന്ന തീയതിയാണിത്. റെക്കോഡ് ഡേറ്റില്‍ ഓഹരിയുടമകളുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഉള്ള ഓഹരികള്‍ കണക്കിലെടുത്താണ് റൈറ്റ് ഓഹരികള്‍, ബോണസ് ഓഹരികള്‍, ഓഹരി വിഭജനം, ഡിവിഡന്‍ഡ് തുടങ്ങിയ കോര്‍പറേറ്റ് നടപടികളില്‍ യോഗ്യരായവരെ കണ്ടെത്തുക.
10 രൂപ മുഖവിലയുള്ള ഓഹരി അഞ്ച് രൂപ മുഖവിലയുള്ള രണ്ട് ഓഹരി വീതമായാണ് വിഭജിക്കുക.
ഓഹരിയില്‍ ഇടിവ്
മികച്ച ഓര്‍ഡറുകളുടെ കരുത്തില്‍ മുന്നേറ്റം കാഴ്ചവച്ചിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2.7 ശതമാനത്തോളം താഴേക്ക് പോയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലയളവില്‍ 246.55 ശതമാനവും ഒരു വര്‍ഷക്കായളവില്‍ 98.96 ശതമാനവും നേട്ടം ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് 2.16 ശതമാനം ഇടിഞ്ഞ് 1,247.05 രൂപയിലാണ് ഓഹരി വിലയുള്ളത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 16,495 കോടി രൂപയാണ് കൊച്ചി കപ്പല്‍ശാലയുടെ വിപണി മൂല്യം.
2023 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ കൊച്ചി കപ്പല്‍ശാലയുടെ ലാഭം 60.93 ശതമാനം ഉയര്‍ന്ന് 181.52 കോടി രൂപയിലെത്തിയിട്ടുണ്ട്. സംയോജിത വരുമാനം 1,100.40 കോടി രൂപയിലേക്കും ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 304.7 കോടി രൂപയായിരുന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം.

Related Articles

Next Story

Videos

Share it